ദമാം- ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽനിന്ന് പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് അസോസിയേഷൻ (ഡിസ്പാക്) ടോപേഴ്‌സ് അവാർഡ് സമ്മാനിച്ചു. കോവിഡ് നിബന്ധനകൾ പാലിച്ച് ദാറുസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡിസ്പാക് പ്രസിഡന്റ് സി.കെ ഷഫീഖ് അധ്യക്ഷനായി. പ്രവാസി സമ്മാൻ പുരസ്‌കാര ജേതാവു#ം ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ജീവിത മൂല്യങ്ങൾ കൂടി കൈവരിക്കുമ്പോഴാണ് ഒരാളുടെ വിദ്യാഭ്യാസം പൂർണമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളെ അറിഞ്ഞു വളരാനുള്ള അവസരങ്ങൾ കോവിഡ് കാലം നഷ്ടപ്പെടുത്തിയെങ്കിലും ഓൺലൈൻ പഠനമുൾപ്പെടെ പുതിയ അറിവുകളിലേക്ക് നാം എത്തിപ്പെട്ടതിനെ പ്രതീക്ഷയോടെ കാണേണ്ട തുണ്ട്. ഇന്ത്യയിലെ ആകർഷകമായ ഉദ്യോഗ മേഖലകളിൽ എത്തിപ്പെടാൻ അനുഗുണമായ രീതിയിൽ സൗദിയിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് നിരവധി രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിരവധി വിദ്യാർഥികൾക്ക് യഥാസമയം ഫീസ് നൽകാൻ സാധിക്കാതെ പഠനം മുടങ്ങുന്ന അവസ്ഥകൾ കാരണമാകുന്നു. ഇത്തരം വിദ്യാർഥികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകുവാൻ ഇന്ത്യൻ സമൂഹത്തിലെ സംഘടനകളും ഇന്ത്യൻ കമ്പനികളും മുന്നോട്ട് വരണമെന്നും ഇറാം ഗ്രൂപ്പിന്റെ നിസ്സീമ പിന്തുണ ആദ്യമായി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദമാം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മെഹ്‌നാസ് ഫരീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾ ഇതുവരെ കഴിഞ്ഞ ചുറ്റുപാടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മേഖലയിലേക്കാണ് എത്തിച്ചേരാൻ പോകുന്നതെന്നും സൗദിയുടെ സുരക്ഷിതത്വത്തിൽ നിന്നു മാറി, കിട്ടിയ പുതിയ സാഹചര്യങ്ങളിൽ ലഭ്യമാകുന്ന സ്വാതന്ത്ര്യം മാതാപിതാക്കളുടെ പ്രതീക്ഷകളെ തല്ലിത്തകർക്കാനുള്ളതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്ലസ് ടുവിൽ മികച്ച വിജയം നേടിയ ഉസ്മാഖാൻ, ആദിത് ജയിൻ, അഭയ് കൃഷ്ണ, വിഷ്ണു മോയ്ത്തുകുടി, പത്താം ക്ലാസ് വിജയികളായ ആരവ് ഗുരുപ്രസാദ് കമ്മത്ത്, അസ്‌ന ഷെഫീഖ, നാഹൂർ മീരാൻ, അയ്‌ന മാർട്ടിൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഡിസ്പാക് കുടുബത്തിൽനിന്ന് വിജയിച്ച നിരഞ്ജൻ ബിൻസ്, ജ്യോതികാ അനിൽകുമാർ, മുഹമ്മദ് റഫാൻ, ആകാശ് ഗംഗ എന്നിവർക്കും മെമന്റോ സമ്മാനിച്ചു. ആക്ടിംഗ് ജന.സെക്രട്ടറി നജീബ് അരഞ്ഞിക്കൽ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് താജു അയ്യാരിൽ സ്വാഗതവും മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു. ഷമീം കാട്ടാക്കട, സാദിഖ് അയ്യാലിൽ, അസ്ലം ഫറോക്ക്, അനിൽ കുമാർ, ഗംഗാധരൻ, ബിൻസ് മാത്യു, നാസർ കടവത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഉസൈർ ഖാൻ ഖിറാഅത്ത് നടത്തി.






