വിദേശത്തു നിന്നുള്ള ആദ്യ ഉംറ സംഘം നാളെ മക്കയിൽ

മക്ക - ഈ വർഷത്തെ ഉംറ സീസണിൽ വിദേശത്തു നിന്നുള്ള ആദ്യ ഉംറ തീർഥാടക സംഘം നാളെ പുണ്യഭൂമിയിൽ എത്തുമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അൽഉമൈരി അറിയിച്ചു. നൈജീരിയയിൽ നിന്നാണ് ആദ്യ സംഘം എത്തുന്നത്. നൈജീരിയയിൽ നിന്നുള്ള തീർഥാടകരെയും വഹിച്ചുള്ള വിമാനം നാളെ വൈകീട്ട് ജിദ്ദ എയർപോർട്ടിൽ ഇറങ്ങും. 
വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരെ സ്വീകരിക്കാൻ ഉംറ സർവീസ് കമ്പനികൾ നേരത്തെ തന്നെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. എയർപോർട്ടുകളിൽ നിന്ന് തീർഥാടകരെ സ്വീകരിച്ച് ഹോട്ടലുകളിൽ എത്തിച്ച് തവക്കൽനാ ആപ്പ് വഴി ഉംറ ബുക്കിംഗ് നടത്തി തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സൗകര്യമൊരുക്കും. ഓരോ ഗ്രൂപ്പ് തീർഥാടകരെയും സ്വീകരിക്കാനും സേവനങ്ങൾ നൽകാനും ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും യോഗ്യരായ ജീവനക്കാരെ നിയോഗിക്കും. 
വിമാന ടിക്കറ്റ്, സൗദിയിലെ ഗതാഗത സേവനങ്ങൾ, ഹോട്ടൽ താമസം, ഭക്ഷണം അടക്കമുള്ള മുഴുവൻ സേവനങ്ങളും അടങ്ങിയ ഉംറ പാക്കേജുകൾ വാങ്ങാനും സൗദിയിൽ തങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഉംറ സർവീസ് കമ്പനികളെ നിർണയിക്കാനും ഇ-പ്ലാറ്റ്‌ഫോമുകൾ വഴി വിദേശ തീർഥാടകർക്ക് സാധിക്കും. ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രാദേശിക, ആഗോള ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാൻ കഴിയും. ഗ്രൂപ്പുകൾ ഇ-പ്ലാറ്റ്‌ഫോമുകളിലെ ബി2ബി സംവിധാനത്തിലും വ്യക്തികൾ ബി2സി സംവിധാനത്തിലുമാണ് ഉംറ പാക്കേജുകൾ ബുക്ക് ചെയ്ത് വാങ്ങേണ്ടത്. പുണ്യസ്ഥലങ്ങളിലെ താമസം, സൗദി അറേബ്യക്കകത്തെ യാത്രാ സൗകര്യങ്ങൾ, മറ്റു ഗ്രൗണ്ട് സേവനങ്ങൾ എന്നിവയാണ് സൗദി ഉംറ കമ്പനികൾ വിദേശ തീർഥാടകർക്ക് നൽകുന്നതെന്നും ഹാനി അൽഉമൈരി പറഞ്ഞു.
 

Latest News