ഇഖാമയില്ലെങ്കിലും സൗദിയിൽ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം

റിയാദ് - ഇഖാമയടക്കമുള്ള താമസരേഖകൾ ഇല്ലാതെ സൗദിയിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും സ്‌കൂളുകളിൽ പ്രവേശനം നൽകാൻ നിർദേശിച്ച് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ അയച്ചു. പ്രവേശനം തേടി സമീപിക്കുന്ന വിദ്യാർഥിക്കോ രക്ഷകർത്താവിനോ വിവരങ്ങൾ പൂരിപ്പിക്കുന്നതിന് സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ അപേക്ഷാ ഫോറം കൈമാറൽ നിർബന്ധമാണ്. വിവരങ്ങൾ പൂർത്തിയാക്കാനും സാക്ഷ്യപ്പെടുത്താനും പൂരിപ്പിച്ച അപേക്ഷയുമായി അതത് പ്രവിശ്യകളിലെ ഗവർണറേറ്റുകളെ സമീപിക്കാൻ രക്ഷകർത്താക്കളോട് സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ആവശ്യപ്പെടണം. 
ഗവർണറേറ്റുകളിൽ നിന്ന് വിവരങ്ങൾ പൂർത്തിയാക്കിയും സാക്ഷ്യപ്പെടുത്തിയും ലഭിക്കുന്ന അപേക്ഷകൾ സ്‌കൂളുകളിൽ തിരിച്ചേൽപിച്ച് പുതിയ അധ്യയന വർഷത്തിൽ നിയമ ലംഘകരുടെ മക്കൾക്ക് സ്‌കൂളുകളിൽ ചേർന്ന് പഠനം നടത്താവുന്നതാണ്. അനധികൃത താമസക്കാരായ കുടുംബങ്ങളിലെ എത്ര വിദ്യാർഥികൾക്ക് പ്രവേശനം നൽകി എന്ന് വ്യക്തമാക്കുന്ന കൃത്യമായ കണക്കുകൾ ഓരോ മാസവും വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറണമെന്നും ഡെപ്യൂട്ടി ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി ഡോ. സഅദ് ബിൻ സൗദ് ആലുഫഹൈദ് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലർ ആവശ്യപ്പെട്ടു. 
നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം നൽകാൻ നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചിരുന്നു.
 

Latest News