Sorry, you need to enable JavaScript to visit this website.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ലക്ഷ്യമിട്ട് വാക്‌സിൻ വിരുദ്ധ കാമ്പയിൻ

ഫേസ്ബുക്ക് നൂറുകണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്തു 

കോവിഡ് വാക്‌സിൻ വിരുദ്ധ പ്രചാരണത്തിലേർപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു. കോവിഡ് വാക്‌സിനുകൾക്കെതിരെ റഷ്യ കേന്ദ്രീകരിച്ച് ആരംഭിച്ച കാമ്പയിനുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു. യു.എസും ഇന്ത്യയും ലാറ്റിൻ അമേരിക്കയും ലക്ഷ്യമിട്ടാണ് പ്രധാനമായും കാമ്പയിൻ ആരംഭിച്ചിരുന്നത്. വാക്‌സിനെതിരായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് സ്വാധീനമുള്ളവരെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനുമാണ് ശ്രമിച്ചിരുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പൊതുജനവിശ്വാസം തകർക്കുകയാണ് ലക്ഷ്യം. 
റഷ്യ ആസ്ഥാനമായുള്ള പരസ്യ ഏജൻസി ആഡ് നൗവിന്റെ ഭാഗമായ ഫെസെ മാർക്കറ്റ് ഏജൻസിയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കാമ്പയിന്റെ ഏകോപനം നടത്തിയതെന്നും ആസൂത്രിത ശ്രമമാണ് നടന്നതെന്നും ഫേസ്ബുക്ക് അതിന്റെ പുതിയ റിപ്പോർട്ടിൽ പറഞ്ഞു. 
ഫൈസർ വാക്‌സിന്റെ  അപകട സാധ്യതകളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഫസെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് പണം വാഗ്ദാനം ചെയ്തതായി കഴിഞ്ഞ മാസം ബി.ബി.സി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പടിഞ്ഞറാൻ വാക്‌സിനുകൾക്കെതിരെ ഇതേ നെറ്റ് വർക്ക് നടത്തുന്ന രണ്ടാമത്തെ കാമ്പയിനാണിതെന്ന് ഫേസ് ബുക്ക് പറയുന്നു. ചിമ്പാൻസികളിൽനിന്നെടുത്ത അഡെനോ വൈറസ് ഉൾപ്പെടുത്തിയതിനാൽ ആസ്ട്രാസെനെക്ക വാക്‌സിൻ അപകടമാണെന്നാണ് കഴിഞ്ഞ വർഷം നവംബറിൽ പ്രചരിപ്പിച്ചിരുന്നത്. 
വാക്‌സിൻ ആളുകളെ കുരങ്ങുകളാക്കുമെന്ന് പ്രചരിപ്പിക്കാൻ പ്ലാനറ്റ് ഓഫ് ഏപ്‌സ് ഫിലിമിലെ രംഗവും ഉപയോഗപ്പെടുത്തിയിരുന്നു. ആസ്ട്രസെനക്ക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതി സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് ചർച്ച ചെയ്തിരുന്ന സമയത്ത്  ഫേസ്ബുക്കിൽ ഹിന്ദിയിലും ഈ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ആരംഭിച്ച വ്യാജ അക്കൗണ്ടുകളിൽനിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത്. വിദേക ഇടപെടൽ സംബന്ധിച്ച പോളിസി ലംഘിച്ചതിന് 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രം അക്കൗണ്ടുകളും നീക്കിയതായി ഫേസ് ബുക്ക് അറിയിച്ചു. 

Latest News