VIDEO- ലക്ഷക്കണക്കിന് റിയാലുമായി വീഡിയോ; സൗദിയില്‍ വിദേശി അറസ്റ്റില്‍

മക്ക - ഉറവിടമറിയാത്ത പണം പ്രദര്‍ശിപ്പിച്ച പാക്കിസ്ഥാനിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ഉറവിടമറിയാത്ത ലക്ഷക്കണക്കിന് റിയാല്‍ പ്രദര്‍ശിപ്പിച്ച് മേനിനടിക്കുന്ന വീഡിയോ ചിത്രീകരിച്ച് പാക്കിസ്ഥാനി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
മുപ്പതുകാരനാണ് പിടിയിലായത്. മറ്റൊരു പാക്കിസ്ഥാനി ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനത്തിന്റെ വകയായ പണമാണ് യുവാവ് പ്രദര്‍ശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോ ചിത്രീകരിക്കാന്‍ യുവാവിന് പണം കൈമാറിയ പാക്കിസ്ഥാനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ നടപടികള്‍ക്ക് ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

 

Latest News