വിചിത്ര മറുപടി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് തിരുത്തി

തിരുവനന്തപുരം- ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ മറുപടി തിരുത്തി. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണെന്നാണ്  വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിരുന്നത്.

രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസില്‍ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്. പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നല്‍കിയ മറുപടി തിരുത്തി. എന്നാല്‍ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ടത്.

നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്-ഇതായിരുന്നു മന്ത്രിയുടെ വിവാദ മറുപടി 

ഡോക്ടര്‍മാര്‍ക്കെതിരേ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി മെഡിക്കല്‍ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Latest News