- ആർ.എസ്.എസ് തന്നെയും വകവരുത്തും
ബംഗളൂരു- വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയക്ക് തൊട്ടുപിന്നാലെ തന്റെ ജീവനും ആർ.എസ്.എസിൽനിന്ന് ഭീഷണി നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച് ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിഖ് രംഗത്ത്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രമോദ് മുത്തലിഖ് ഇക്കാര്യം പറഞ്ഞത്. 2009 ൽ മംഗളൂരുവിലെ പബ് ആക്രമിച്ചാണ് പ്രമോദ് മുത്തലിഖ് വാർത്തകളിൽ ഇടം തേടിയത്.
എന്റെ ശത്രുക്കൾ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം. കോൺഗ്രസ്, കമ്യൂണിസ്റ്റുകൾ, ബുദ്ധിജീവികൾ എന്നിവരാണ് എന്റെ ശത്രുക്കൾ. എന്നാൽ അവർ പ്രത്യക്ഷ ശത്രുക്കളാണ്. അവർ എനിക്കെതിരെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ എന്റെ ഭയം അതല്ല. എന്റെയാളുകൾ തന്നെ എന്നെ ആക്രമിക്കാൻ ഒരുങ്ങിനിൽക്കുന്നു. അവർ പിറകിൽനിന്ന് കുത്തും. പ്രവീൺ തൊഗാഡിയക്ക് സംഭവിച്ചത് എനിക്കും വരാനിരിക്കുന്നു -പ്രമോദ് മുത്തലിഖ് പറഞ്ഞു.
കർണാടകയിലെ മുതിർന്ന ആർ.എസ്.എസ് നേതാവ് മങ്കേഷ് ബെൻഡേക്ക് എന്നെ ഇഷ്ടമല്ല. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ധർവാദിൽനിന്നുള്ള എം.പി പ്രഹ്ലാദ് ജോഷിയും ചേർന്നാണ് എനിക്കെതിരെ നീക്കം നടത്തുന്നത്. വടക്കൻ കർണാടകയിൽ അവർക്ക് എന്നെ ആവശ്യമില്ല. എന്റെ ജനപ്രിയത അംഗീകരിക്കാനും അവർക്ക് സാധിക്കുന്നില്ല. ഞാൻ വിഷമത്തിലാണ്.
പാർട്ടിയിൽ ആർക്കും പേരും പ്രശസ്തിയും ലഭിക്കുന്നത് അവർക്ക് സഹിക്കില്ല. അടിമപ്പണി ചെയ്യുന്നവരെ മാത്രമാണ് അവർക്ക് വേണ്ടത്. അവർക്കൊപ്പം നിന്ന് ഞാൻ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ ഇല്ലാതെയും. അതുകൊണ്ട് തന്നെയാണ് തന്നെ പാർട്ടിയിൽ നിന്നും ചവിട്ടിപ്പുറത്താക്കാൻ അവർ ശ്രമിക്കുന്നത്.
ജീവിതത്തിലെ നാൽപത് വർഷമാണ് ആർ.എസ്.എസിന് വേണ്ടി ഞാൻ പാഴാക്കിയത്. എന്നെപ്പോലുള്ള ആയിരങ്ങൾ ഉണ്ട്. അവരൊന്നും എവിടെയുമെത്തിയിട്ടില്ല. ആർ.എസ്.എസ് നേതാക്കൾ ഹിന്ദു ഐക്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ അവർക്ക് പരസ്പരം ഇഷ്ടമല്ല. പിന്നെ എങ്ങനെയാണ് അവർ ഐക്യത്തെ പറ്റി സംസാരിക്കുക. ഹിന്ദുത്വത്തിലുള്ള വിശ്വാസം തന്നെ നഷ്ടമായെന്നും പ്രമോദ് മുത്തലിഖ് പറയുന്നു. പ്രമോദ് മുത്തലിഖിന്റെ നേതൃത്വത്തിലാണ് കർണാടകയിൽ നിരവധി ആക്രമണങ്ങൾ നടന്നത്. മംഗളൂരുവിലെ പബിൽ ആക്രമണം അഴിച്ചുവിട്ടതായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്.
നേരത്തെയും ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി നേതാവ് പ്രമോദ് മുത്തലിഖ് രംഗത്തെത്തിയിരുന്നു. 2014 ൽ ബി.ജെ.പി തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും ജനങ്ങളോട് ഇത് തുറന്നുപറയുമെന്നുമാണ് പ്രമോദ് മുത്തലിഖ് പറഞ്ഞിരുന്നത്.
ഈയിടെയാണ് കർണാടകയിലെ ശിവസേനയിൽ മുത്തലിഖ് ചേർന്നത്. കർണാടക യൂണിറ്റിന്റെ തലവനാകുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ കർണാടകയിലെ അൻപത് സീറ്റുകളിൽ മത്സരിക്കുമെന്നും ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്നും മുത്തലിഖ് വ്യക്തമാക്കി.
നേരത്തെയും ബി.ജെ.പിക്കെതിരെ ആരോപണവുമായി പ്രമോദ് മുത്തലിഖ് രംഗത്തെത്തിയിരുന്നു. 2014 മാർച്ചിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റു നൽകാമെന്ന് വാഗ്ദാനം ചെയ്ത് കർണാടക ബി.ജെ.പിയിൽ തന്നെ ഉൾപ്പെടുത്തുകയും മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര നേതൃത്വം പുറത്താക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം അഞ്ചു മണിക്കൂറിനുള്ളിൽ കഴിഞ്ഞു. മാർച്ച് 24 ന് രാവിലെ 11 മണിക്ക് എന്നെ ചേർത്തു, വൈകുന്നേരം നാലു മണിക്ക് പുറത്താക്കുകയും ചെയ്തു -മുത്തലിഖ് പറയുന്നു.
മറക്കാൻ കഴിയാത്ത അപമാനമായിരുന്നു അതെന്നും മുത്തലിഖ് പറയുന്നു. അതേസമയം മുത്തലിഖിന്റെ ആരോപണത്തെ പറ്റി പ്രതികരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം തയ്യാറായില്ല.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുതിർന്ന ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര സർക്കാരിനുമെതിരെ പരസ്യമായ പോരിനിറങ്ങിയ വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ, ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ എന്നിവരെ പദവികളിൽനിന്ന് നീക്കാൻ ആർ.എസ്.എസ് തയ്യാറെടുക്കുന്നു. വി.എച്ച്.പി രാജ്യാന്തര പ്രസിഡന്റ് രാഘവ് റെഡ്ഢിയും ആർ.എസ്.എസിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്.
സംഘ് പരിവാറിനെ നാണം കെടുത്തുകയാണ് ഇവരെന്നാണ് ആർ.എസ്.എസിന്റെ പരാതി. വി.എച്ച്.പി, ഭാരതീയ മസ്ദൂർ സംഘ് എന്നീ സംഘടനകളുടെ അനുയായികളെ സംഘപരിവാർ ആശയ പ്രചാരണത്തിനായി ഈ നേതാക്കൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ലെന്നാണ് ആർ.എസ്.എസിന്റെ പരാതി.
അടുത്ത മാസം അവസാനത്തോടെ വി.എച്ച്.പി നിർവാഹക സമിതി യോഗം ചേരുന്നുണ്ട്. തൊഗാഡിയ അടക്കമുള്ളവരെ മാറ്റാൻ ആർ.എസ്.എസ് ഈ യോഗത്തിൽ ആവശ്യപ്പെടും. സംഘ് പരിവാർ സംഘടനകളുടെ പരമോന്നത സമിതിയായ പ്രതിനിധി സഭ മാർച്ചിൽ യോഗം ചേരുന്നുണ്ട്. ഇതിനു മുമ്പ് വി.എച്ച്.പി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.
മോഡിക്കും സർക്കാരിനുമെതിരെ ശക്തമായി ആഞ്ഞടിച്ച തൊഗാഡിയ സംഘപരിവാർ അണികൾ ആശയക്കുഴമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. സംഘപരിവാർ സംഘടനകൾ ബിജെപി സർക്കാരിനെതിരെ രംഗത്തു വരുന്നത് ദോഷം ചെയ്യും. 2019 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് സംഘപരിവാറിന് തലവേദനയാകുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന എല്ലാ സംഘ നേതാക്കളേയും ആർ.എസ്.എസ് നോട്ടമിട്ടിട്ടുണ്ട്.






