സഭക്കുമുന്നില്‍ പ്രതിഷേധ സഭ, പുതുമയുള്ള പരിപാടിയുമായി പ്രതിപക്ഷം

തിരുവനന്തപുരം- പുതുമയാര്‍ന്ന പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭക്കു മുന്നില്‍. ഡോളര്‍ കടത്തുകേസില്‍ നിയമസഭക്ക്മുന്നില്‍ പ്രതിഷേധ സഭ ചേര്‍ന്ന് പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെല്‍ മുഴക്കിയും സമയ നിയന്ത്രണം ഓര്‍മിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പി.കെ. ബഷീര്‍ എം.എല്‍.എ ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിരുന്നു. പി.ടി. തോമസ് എം.എല്‍.എ ആണ് നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടി ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്.

എന്‍. ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കര്‍ ആയത്. തുടര്‍ന്ന് പി.ടി. തോമസ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും സംസാരിച്ചു.

 

Latest News