ന്യൂദല്‍ഹി- പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ മാര്‍ച്ച് നടത്തി.
പാര്‍ലമെന്റിന് മുന്നില്‍നിന്ന് വിജയ് ചൗക്കിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എംപിമാരും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാഹുല്‍ ഗാന്ധിക്കു പുറമെ, എന്‍സിപി നേതാവ് ശരത് പവാർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ചിനുശേഷം നേതാക്കള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ ചെന്ന് പരാതി നല്‍കി. രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
പാര്‍ലമെന്റ് സെഷന്‍ അവസാനിച്ചിരിക്കുന്നു. എന്നാല്‍, 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു- രാഹുല്‍ ഗാന്ധി പറഞ്ഞു.
തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പറയാന്‍ ലഭിച്ചില്ല. രാജ്യസഭയില്‍ ആദ്യമായാണ് വനിതാ എംപിമാരെ മര്‍ദ്ദിക്കുന്നത്. ചെയര്‍മാനും സ്പീക്കറും പറയുന്നു, താന്‍ അസ്വസ്ഥനാണെന്ന്. പക്ഷേ, സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് അത് സാധിക്കുന്നില്ല. അവരുടെ ജോലി അവര്‍ ചെയ്യണം- രാഹുല്‍ പറഞ്ഞു.