ഇടുക്കി-മറയൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണ ഫണ്ട് തടഞ്ഞുവെച്ചിട്ടില്ലെന്നും തുക കിട്ടാത്തതിനാല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചയാളുമായി യാതൊരു വിധ കരാര്‍ ഇടപാടുകളുമില്ലെന്നും ജില്ലാ പഞ്ചായത്ത്. ദേവികുളം എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ട്, നബാര്‍ഡ് ധനസഹായം എന്നിവ വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത്, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ വാപ്കോസ് മുഖേന  നടത്തുന്ന പദ്ധതിയാണ് മറയൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണം. വാപ്കോസ് ഇ-ടെന്റര്‍ മുഖേന റോയി ജോസഫ് എന്ന കരാറുകാരനെയാണ് പ്രവൃത്തി ഏല്‍പ്പിച്ചത്.  ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രസന്നനുമായി ഒരു കരാറുകളും ജില്ലാ പഞ്ചായത്തിനില്ല.
പ്രവൃത്തിയുടെ ബില്‍ ലഭിക്കുന്ന മുറക്ക് നബാര്‍ഡില്‍ സമര്‍പ്പിക്കുകയും നബാര്‍ഡില്‍ നിന്ന് തുക ലഭിക്കുമ്പോള്‍ കരാറുകാരന് നല്‍കുകയുമാണ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ 62,36,877 രൂപയുടെ പാര്‍ട്ട് ബില്‍ നബാര്‍ഡില്‍ സമര്‍പ്പിക്കുകയും 9,90,000 രൂപ ജൂണ്‍ മാസത്തില്‍ അനുവദിക്കുകയും തുക ട്രഷറിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് അക്കൗണ്ടിലേക്ക് മാറ്റി കരാറുകാരന് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജി.എസ്.ടി. നിലവില്‍ വന്നതിനു ശേഷം ജില്ലാ പഞ്ചായത്തിന് ഇത്തരം പേമെന്റുകള്‍ ഇല്ലാതിരുന്നതിനാല്‍ നിലവിലുണ്ടായിരുന്ന ജി.എസ്.ടി. രജിസ്ട്രേഷനു പുറമേ സ്രോതസില്‍ നിന്നും നികുതി പിടിക്കുന്നതിന് ആവശ്യമായ ജി.എസ്.ടി റ്റി.ഡി.എസ്. രജിസ്ട്രേഷന്‍ കൂടി എടുക്കേണ്ടതായി വന്നു. പ്രസ്തുത സാഹചര്യത്തില്‍ കരാറുകാരന് തുക നല്‍കുന്നതിനായി, കണ്‍സല്‍ട്ടന്റ് സ്ഥാപനം മുഖേന രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിക്കുകയും വിവരം കരാറുകാരനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രജിസ്ട്രേഷന്‍ നടപടികളും ബില്‍ തുക നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി വിവരം കരാറുകാരനെ അറിയിച്ചു. ഇത് പ്രകാരം വാപ്കോസില്‍ നിന്നും കരാര്‍ എടുത്തിട്ടുള്ള റോയി ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ബില്‍ തുക കൈമാറിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അറിയിച്ചു.







 
  
 