റിയാദ് - സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ സീറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന അകലം ഒഴിവാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.
അടുത്ത മാസം ഒന്നു മുതല്‍ ഇത് നിലവില്‍വരും. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമല്ലാത്ത പ്രായവിഭാഗത്തില്‍ പെട്ടവരുമായ യാത്രക്കാരുടെ സീറ്റുകള്‍ തമ്മിലെ അകലമാണ് ഇല്ലാതാക്കുന്നത്. അടുത്ത മാസം ഒന്നു മുതല്‍ ഇവര്‍ക്ക് ഇക്കോണമി ക്ലാസില്‍ മുമ്പത്തെ പോലെ അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും.
ഇതിന് വിമാന യാത്രക്കാര്‍ മുഴുവന്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 12 വയസില്‍ കുറവ് പ്രായമുള്ള, വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമല്ലാത്ത വിഭാഗക്കാരെയും ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രത്യേക ഇളവ് നല്‍കപ്പെട്ട വിഭാഗക്കാരെയും മാത്രമാണ് വിമാന യാത്രക്കാര്‍ മുഴുവന്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുക. യാത്രക്കാര്‍ തുടര്‍ന്നും മാസ്‌കുകള്‍ ധരിക്കണമെന്നും കൈകള്‍ അണുവിമുക്തമാക്കണമെന്നും വിമാന യാത്രക്കാര്‍ക്ക് ബാധകമാക്കിയ മറ്റു അംഗീകൃത പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു.






