Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത 40000ലേറെ പേര്‍ക്ക് കോവിഡ് ബാധ

ന്യൂദല്‍ഹി- കേരളത്തില്‍ പൂര്‍ണമായും കോവിഡ് വാക്‌സിന്‍ എടുത്ത 40000ലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇങ്ങനെ കോവിഡ് ബാധിച്ച എല്ലാവരില്‍ നിന്നും വൈറസ് സാംപിള്‍ എടുത്ത് ജനിതക ശ്രേണീകരണം നടത്തി പഠനവിധേയമാക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രേക്ക്ത്രൂ കേസുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം കോവിഡ് ബാധകള്‍ ആശങ്കയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിന്‍ എടുത്തതിലുടെയോ നേരത്തെ കോവിഡ് ബാധിക്കുക വഴിയോ ലഭിക്കുന്ന പ്രതിരോധ ശേഷിയെ ഭേദിക്കുന്ന തരത്തില്‍ വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോ എന്നതാണ് വലിയ ആശങ്ക. കോവിഡ് പ്രതിരോധ ശേഷിയെ ഭേദിക്കുന്ന ഇത്തരം ബ്രേക്ക്ത്രൂ കോവിഡ് കേസുകള്‍ക്ക് കാരണമാകുന്നത് തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തുകയും പിന്നീട് ലോകമൊട്ടാകെ വ്യാപിക്കുകയും ചെയ്ത മാരക ശേഷിയുള്ള വകഭേദമാണ് ഡെല്‍റ്റ. 

ഏറ്റവും കൂടുതല്‍ ബ്രേക്ക്ത്രൂ കോവിഡ് കേസുകള്‍ പത്തനംതിട്ട ജില്ലയിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ആദ്യ ഡോസ് വാക്‌സിനെടുത്ത 14,947 പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനെടുത്ത 50424 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വീണ്ടും കോവിഡ് ബാധിക്കുന്നത് അപൂര്‍വമാണെങ്കിലും സാധ്യത നിലനില്‍ക്കുന്നുണ്ട്. മറ്റു ജില്ലകളിലും സമാന കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest News