ജിസാൻ - ജിസാൻ പ്രിവിശ്യയിൽ പെട്ട ഫൈഫയിൽ മലമുകളിൽ കൊക്കയുടെ മുനമ്പിൽ കാർ നിർത്തി ജീവൻ പണയം വെച്ച് അതിസാഹസികമായ അഭ്യാസ പ്രകടനം നടത്തുകയും ഇതിൽ മേനിനടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതായി ജിസാൻ പോലീസ് വക്താവ് മേജർ നായിഫ് ഹികമി അറിയിച്ചു. രണ്ടു കാറുകളാണ് യുവാക്കൾ കൊക്കയുടെ മുനമ്പിന്റെ അറ്റത്ത് നിർത്തിയത്. വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ഇരുപതിനടുത്ത് പ്രായമുള്ള യുവാക്കളെ ട്രാഫിക് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കാറുകളും കസ്റ്റഡിയിലെടുത്തു. ഇരുവർക്കും ട്രാഫിക് നിയമം അനുസരിച്ച ശിക്ഷകൾ ബാധകമാക്കാൻ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് ജിസാൻ പോലീസ് വക്താവ് പറഞ്ഞു. കേരളത്തിലും കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ യുവാക്കളുടെ വാഹന അഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തി റോഡിലൂടെ കുതിച്ചു പാഞ്ഞ് വിവാദത്തിൽ അകപ്പെട്ട ഇ ബുൾ ജെറ്റ് സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.