ലഖ്‌നൗ- ബിഎസ്പി വിട്ട് ഒരാഴ്ച മുമ്പ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ ജിതേന്ദ്ര സിങിന്റെ പാര്‍ട്ടി അംഗത്വം ബിജെപി റദ്ദാക്കി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ വീടിനു നേരെ 2009ല്‍ തീവയ്പ്പ് ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ജിതേന്ദ്ര സിങ്. അന്ന് റിത ബഹുഗുണ യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന്റെ സാന്നിധ്യത്തില്‍ ഒരാഴ്ച മുമ്പാണ് ജിതേന്ദ്ര പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കിയതായി ബിജെപി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ജിതേന്ദ്രയുടെ ബിജെപി പ്രവേശനം പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു.
ജിതേന്ദ്ര സിങിന് ബിജെപി അംഗത്വം നല്‍കിയതറിഞ്ഞ് ഞെട്ടി എന്ന് ബിജെപി എംപിയായ റിത ബഹുഗുണ ജോഷി ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. അംഗത്വം റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു.






