ഹരിയാനയിൽ പ്രധാനാധ്യാപികയെ വിദ്യാർത്ഥി വെടിവച്ചു കൊന്നു

റോത്തക്- ഹരിയാനയിലെ യമുനാനഗറിൽ 12ാം ക്ലാസുകാരനായ വിദ്യാർത്ഥി സ്‌കൂൾ പ്രിൻസിപ്പലിനെ വെടിവച്ചു കൊലപ്പെടുത്തി. ശകാരിച്ചതിൽ പ്രകോപിതനായാണ് വിദ്യാർത്ഥി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അച്ഛന്റെ ലൈൻസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കോമേഴ്‌സ് വിദ്യാർത്ഥി പ്രിൻസിപ്പൽ റിതു ഛബ്രയെ വെടിവച്ചത്. മൂന്ന് വെടിയുണ്ടകളേറ്റ് അധ്യാപിക ആശുപത്രിയിൽ വച്ചാണു മരിച്ചത്. ക്ലാസിൽ വേണ്ടത്ര ഹാജരില്ലാത്തതിനാലും അടിപിടകൂടുന്നതിനാലും രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. 

ശനിയാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാർത്ഥി തനിക്ക് പ്രിൻസിപ്പലിനെ കാണണമെന്നാവശ്യപ്പെടുകയായിരുന്നു. നേരിട്ട് പ്രിൻസിപ്പൽ റിതു ഛബ്രയുടെ മുറിയിലേക്ക് കയറിയ വിദ്യാർത്ഥി തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. സംഭവം നടന്നയുടൻ സ്‌കൂളിലെ ജീവനക്കാരനായ അഞ്ചു പേർ ചേർന്ന് വിദ്യാർത്ഥിയെ പിടികൂടി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ അചഛന്റെ പേരിലും ആയുധ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest News