ന്യൂദല്‍ഹി- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്താത്തതിന് സിപിഎമ്മിനും എന്‍സിപിക്കും സുപ്രീം കോടതി അഞ്ചു ലക്ഷം രൂപ പിഴയിട്ടു. കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെ മറ്റ് അഞ്ചു പാര്‍ട്ടികള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും പിഴയിട്ടു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിച്ചതിനാണ് പിഴ വിധിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും പാര്‍ട്ടികള്‍ ഗാഢനിദ്രയില്‍ നിന്ന് ഉണരാന്‍ വിസമ്മതിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഷട്രീയ പാര്‍ട്ടികള്‍ ചെവികൊണ്ടില്ല. രാഷ്ട്രീയ നിയമനിര്‍മാതാക്കള്‍ ഉടന്‍ ഉണരുമെന്നും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണമെന്ന ദുഷ്‌പ്പേര് ഇല്ലാതാക്കാന്‍ വലിയ ശസ്ത്രക്രിയ അവര്‍ നടത്തുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. "എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. നിയമനിര്‍മാണത്തിലേക്ക് കടന്നു കയറാന്‍ ഞങ്ങള്‍ക്കു കഴിയില്ല"- ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഭാവിയില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനും അത് പാര്‍ട്ടികളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധവേണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി മുന്നറിയിപ്പു നല്‍കി.
സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് 48 മണിക്കൂറിനകമോ അല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ചുരുങ്ങിയത് രണ്ടാഴ്ച മുമ്പോ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനില്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സമയപരിധി ഇന്നത്തെ വിധിയോടെ കോടതി 48 മണിക്കൂറായി പരിമിതപ്പെടുത്തി. 2020 ഫെബ്രുവരിയിലെ സുപ്രീം കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ അനുസരിക്കുന്നില്ല എന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനു പുറമെ ഇത്തരം ആളുകളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി ആക്കി എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിശദീകരിക്കണമെന്നും പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്ഥാനാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






