പുതിയ വാർത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം
ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സാപ്പ് ചെറുകിട വ്യവസായികള്‍ക്കും സംരഭകര്‍ക്കും പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. വാട്സാപ്പ് ബിസിനസ് ആപ്പ് എന്നാണ് പേര്.
സംരഭകര്‍ക്ക് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും ബന്ധം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആപ്പാണിത്. ഇപ്പോള്‍ ഇന്തൊനേഷ്യ, ഇറ്റലി, മെക്സിക്കോ, ബ്രിട്ടണ്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ മാത്രം അവതരിപ്പിച്ച വാട്സാപ്പ് ബിസിനസ് ആപ്പ് ഇന്ത്യയുടള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ഏതാനും ആഴ്ചകള്‍ക്കകം എത്തുമെന്നാണ് വാട്സാപ്പ് അറിയിച്ചിരിക്കുന്നത്.
എന്താണ് വാട്സാപ്പ് ബിസിനസ് ആപ്പ്?
ഇതൊരു ആന്‍ഡ്രോയ്ഡ് ആപ്പാണ്. ചെറുകിയ ബിസിനസുകാരനല്ല നിങ്ങളെങ്കില്‍ ഇതുകൊണ്ട് നിങ്ങള്‍ക്ക് പ്രയോജനമില്ല. ഒരു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമോ ഗ്രോസറി സ്റ്റോറോ ബേക്കറിയോ നടത്തുന്ന സംരംഭകനാണ് നിങ്ങളെങ്കില്‍ ഈ ആപ്പ് നിങ്ങള്‍ക്കുള്ളതാണ്. ഉപഭോക്താക്കളുമായി ഇതുവഴി മികച്ച ബന്ധം സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യാം. ഇപ്പോള്‍ വാട്സാപ്പ് ഉപയോഗിച്ചാണ് താങ്കള്‍ ഉപഭോക്താക്കള്‍ക്കുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഗ്രീറ്റിങ്സും അയക്കുന്നതെങ്കില്‍ പുതിയ ആപ്പ് നിങ്ങളെ കൂടുതല്‍ സഹായിക്കും.
വാട്സാപ്പ് ബിസിനസ് ആപ്പിലെ ഫീച്ചറുകള്‍
സംരംഭകര്‍ക്ക്് ഈ ആപ്പില്‍ ബിസിനസ് പ്രൊഫൈല്‍ ഉണ്ടാക്കാം. സംരഭത്തെ കുറിച്ചുള്ള ചെറുവിവരണം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, വെബ്സൈറ്റ്, വിലാസം എല്ലാം ഉള്‍പ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ച് ഒരു ധാരണ ലഭിക്കാന്‍ ഇതു സഹായിക്കുന്നു. മെസേജിങ് ഫീച്ചറാണ് മറ്റൊന്ന്. ക്വിക്ക് റിപ്ലെ ഓപ്ഷന്‍ അടക്കം മെസേജുകള്‍ അയക്കാനും ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കാനും കഴിയും. മെസേജുകളുടെ സ്ഥിതിവിവര കണക്കുകള്‍ സംരംഭകര്‍ക്ക് പരിശോധിക്കാനും വിലയിരുത്താനും കഴിയും.
ഇപ്പോള്‍ ഈ ആപ്പ് സൗജന്യമാണെങ്കിലും സംരഭകരില്‍ നിന്ന് ഫീ ഈടാക്കുമെന്ന് വാട്സാപ്പ് നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. ഈ ആപ്പിലേക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കാന്‍ ഏതാനും വന്‍കിട സംരംഭങ്ങളുമായും വാട്സാപ്പ് കൈകോര്‍ക്കുന്നു. നെറ്റ്ഫ് ളക്സ്, ബുക്ക് മൈ ഷോ, മെയ്ക്ക് മൈ ട്രിപ് എന്നീ ഓണ്‍ലൈന്‍ കമ്പനികളുമായി കൂട്ടുകച്ചവടമുണ്ട്.
വാട്സാപ്പിന് എന്തു ലാഭം?
പലരും ചോദിക്കുന്ന ചോദ്യമാണിത്. ലോകമൊട്ടാകെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് സൗജന്യമായി മെസേജിങ് സേവനം നല്‍കി ഈ കമ്പനി എങ്ങനെ പണമുണ്ടാക്കുന്നു? പണമുണ്ടാക്കാവുന്ന പരസ്യങ്ങള്‍ പോലും വാട്സാപ്പില്‍ ഇല്ല. ഡാറ്റ കച്ചവടത്തിലൂടെ കമ്പനി പണമുണ്ടാക്കുന്നത് സാധാരണ ഉപഭോക്താക്കള്‍ അറിയുന്നില്ലെങ്കിലും വാട്സാപ്പ് ബിസിനസ് ആപ്പ് പണമുണ്ടാക്കാന്‍ ഉദ്ദേശിച്ചു മാത്രമുള്ളതാണ്.
ലോകമൊട്ടാകെ നൂറു കോടിയിലേറെ ഉപഭോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇന്ത്യ, ബ്രസീല്‍ പോലുള്ള വമ്പന്‍ വിപണികളില്‍ 80 ശതമാനം ചെറുകിട സംരഭകരും തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നത് ഇതുപയോഗിച്ചാണ്. ഇവരെ വാട്സാപ്പ് ബിസിനസ് ആപ്പിലേക്ക് വഴിതിരിച്ചുവിടുന്നതോടെ കച്ചവടം പൊടിപൊടിക്കാമെന്നാണ് വാട്സാപ്പിന്റെ കണക്കുകൂട്ടല്‍.