Sorry, you need to enable JavaScript to visit this website.

ആഗോള എണ്ണക്കമ്പനികളേക്കാൾ വൻ നേട്ടമുണ്ടാക്കി അറാംകോ 

റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണക്കമ്പനികൾ ആകെ നേടിയതിനേക്കാൾ കൂടുതൽ ലാഭം സൗദി അറാംകോ കൈവരിച്ചതായി കണക്ക്. 
അമേരിക്കൻ എണ്ണ കമ്പനികളായ എക്‌സൺ മൊബൈൽ, ചെവ്‌റോൺ, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ, ബ്രിട്ടീഷ്, ഹോളണ്ട് കമ്പനിയായ ഷെൽ, ബ്രിട്ടീഷ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം എന്നീ അഞ്ചു എണ്ണക്കമ്പനികൾ ഈ വർഷം രണ്ടാം പാദത്തിൽ ആകെ 16.74 ബില്യൺ ഡോളറാണ് ലാഭം നേടിയത്.
ഇക്കാലയളിൽ സൗദി അറാംകോ ഒറ്റക്ക് 25.5 ബില്യൺ ഡോളർ അറ്റാദായം നേടി. മറ്റു അഞ്ചു കമ്പനികൾ ആകെ നേടിയ ലാഭത്തേക്കാൾ 52 ശതമാനം കൂടുതൽ ലാഭം സൗദി അറാംകോ ഒറ്റക്ക് കൈവരിച്ചു. 
എക്‌സൺ മൊബൈൽ 4.7 ബില്യൺ ഡോളറും ചെവ്‌റോൺ 3.3 ബില്യൺ ഡോളറും ടോട്ടൽ കമ്പനി 2.2 ബില്യൺ ഡോളറും ഷെൽ കമ്പനി 3.43 ബില്യൺ ഡോളറും ബ്രിട്ടീഷ് പെട്രോളിയം കമ്പനി 3.12 ബില്യൺ ഡോളറുമാണ് രണ്ടാം പാദത്തിൽ ലാഭം നേടിയത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ എക്‌സൺ മൊബൈൽ കമ്പനി കൈവരിച്ച ലാഭത്തേക്കാൾ അഞ്ചിരട്ടിയിലേറെ ലാഭം സൗദി അറാംകോ നേടി. ടോട്ടൽ കമ്പനി ലാഭത്തെ അപേക്ഷിച്ച് അറാംകോ ലാഭം പതിനൊന്നിരട്ടി കൂടുതലാണ്. ലോകത്തെ നിരവധി രാജ്യങ്ങളിൽ കൊറോണ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ആഗോള വിപണിയിൽ ആവശ്യം വർധിച്ചതും വില മെച്ചപ്പെട്ടതും ഉയർന്ന ലാഭം കൈവരിക്കാൻ എണ്ണക്കമ്പനികളെ സഹായിച്ചു. 
രണ്ടാം പാദത്തിൽ സൗദി അറാംകോ കൈവരിച്ച ലാഭം, കമ്പനി ഓഹരികൾ സൗദി ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ശേഷം നേടുന്ന ഏറ്റവും ഉയർന്നതാണ്. രണ്ടാം പാദത്തിൽ 9,547 കോടി റിയാലാണ് സൗദി അറാംകോ അറ്റാദായം നേടിയത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ കമ്പനി ലാഭം 2,462 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനി ലാഭം 288 ശതമാനം തോതിൽ വർധിച്ചു. 2019 അവസാനത്തിലാണ് സൗദി അറാംകോ ഓഹരികൾ സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. 
രണ്ടാം പാദത്തിൽ കമ്പനി ആകെ 312.35 ബില്യൺ റിയാൽ വരുമാനം നേടി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ കമ്പനി വരുമാനം 123.2 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ കമ്പനി വരുമാനം 153.5 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ സൗദി അറാംകോ 176.9 ബില്യൺ റിയാൽ പ്രവർത്തന ലാഭം നേടി. 
സക്കാത്തും നികുതികളും കഴിഞ്ഞുള്ള അറ്റാദായമാണ് 9,547 കോടി റിയാൽ. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 87.1 ബില്യൺ റിയാലായിരുന്നു. 
ഈ വർഷം രണ്ടാം പാദത്തിൽ കമ്പനി പ്രവർത്തന ലാഭം 100 ശതമാനത്തിലേറെ വർധിച്ചു. കഴിഞ്ഞ വർഷം കമ്പനി ആകെ 183.76 ബില്യൺ റിയാലാണ് പ്രവർത്തന ലാഭം നേടിയത്. ഇതിന്റെ 96 ശതമാനത്തോളം ഈ വർഷം രണ്ടാം പാദത്തിൽ മാത്രം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.

 

Latest News