Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടുവർഷം നീണ്ട വിഭാഗീയതക്കൊടുവിൽ മരവിപ്പിക്കൽ; അംഗീകരിക്കില്ലെന്ന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി

റിയാദ് -രണ്ടുവർഷം നീണ്ട വിഭാഗീയ പ്രവർത്തനങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവർത്തനം റിയാദ് സെൻട്രൽ കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗിന്റെ അറിവോടെയാണ് നടപടിയെന്ന് റിയാദ് സെൻട്രൽ കമ്മിറ്റിയും തീരുമാനം അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ല കമ്മിറ്റിയും പ്രതികരിച്ചു.
സെൻട്രൽ കമ്മിറ്റിയുടെ കീഴിലാണ് മലപ്പുറം ജില്ലാ കമ്മിറ്റിയെങ്കിലും എല്ലാ പ്രവർത്തനങ്ങളും രണ്ടായി തന്നെയായിരുന്നു റിയാദിൽ നടന്നുവന്നിരുന്നത്. സെൻട്രൽ കമ്മിറ്റിയുടെ പദ്ധതികളിൽ പൂർണ നിസഹകരണം പാലിച്ചുവെന്ന് മാത്രമല്ല മറ്റു ജില്ല കമ്മിറ്റികളിലും മലപ്പുറം ജില്ല കമ്മിറ്റി നേരിട്ട് ഇടപെടുന്ന അവസ്ഥവരെയെത്തി. അതേസമയം സെൻട്രൽ കമ്മിറ്റിയുടെ പല പരിപാടികളിലും മലപ്പുറം ജില്ല നേതൃത്വത്തെ അകറ്റി നിർത്തുകയും ചെയ്തു. ഇരു നേതൃത്വവും കിട്ടാവുന്ന അവസരങ്ങളിലൊക്കെ കൊമ്പുകോർക്കുകയും ചെയ്തു. 
കഴിഞ്ഞ ദിവസം കെ.എം.സി.സി ഓഫീസിൽ നടന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ജില്ലാ കമ്മിറ്റിയെ മരവിപ്പിക്കാൻ തീരുമാനിച്ചത്. ശേഷം അഡ്വ. അനീർ ബാബുവിന്റെ നേതൃത്വത്തിൽ പുതിയ താത്കാലിക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണിതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പറഞ്ഞു.
കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങളിലിടപെട്ട് പരിഹരിക്കേണ്ട നാഷണൽ കമ്മിറ്റി ഇരുവിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പിന്തുണച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തിൽ നാഷണൽ കമ്മിറ്റിയും ഇരു വിഭാഗത്തും നിലയുറപ്പിച്ചതാണ് വിഭാഗീയതക്ക് ആക്കം കൂട്ടിയത്. സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വവുമായും പലപ്പോഴായി ഇരു വിഭാഗങ്ങളും നേരിട്ട് ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായിരുന്നില്ല. ഒടുവിൽ രണ്ടായി തന്നെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. നേരത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും റിയാദിൽ വന്നപ്പോൾ ഇതു സംബന്ധിച്ച് പരാതികളുയർന്നിരുന്നു. പിന്നീട് പല നേതാക്കളും പ്രശ്‌നപരിഹാര ഫോർമുലകളുമായി റിയാദിലെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
റിയാദ് സെൻട്രൽ കമ്മിറ്റി പത്ത് ലക്ഷം രൂപയുടെ കുടുംബ സുരക്ഷ പദ്ധതി നടപ്പാക്കിയപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് പ്രവർത്തകരെ അതിൽ ചേർക്കാൻ മലപ്പുറം ജില്ല കമ്മിറ്റി തയ്യാറായില്ലെന്നും ആരോപണമുണ്ട്. അതേസമയം നാഷണൽ കമ്മിറ്റിയുടെ സുരക്ഷ സ്‌കീമിൽ ആളെ ചേർക്കാൻ മത്സരിക്കുകയും ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റിയെ അവഗണിച്ച് നാഷണൽ കമ്മിറ്റിയിലെ ചില അംഗങ്ങളുമായി സഹകരിച്ച് സ്വന്തമായി കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ പ്രഖ്യാപിച്ച് പ്രവർത്തനം നടത്തിയതാണ് പെട്ടെന്ന് പ്രവർത്തനം മരവിപ്പിക്കാൻ കാരണം.
അതേസമയം റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെങ്കിലും കമ്മിറ്റിയെ മരവിപ്പിക്കാൻ സെൻട്രൽ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട പറഞ്ഞു. നാഷണൽ കമ്മിറ്റിയുടെ ശുപാർശയുണ്ടെങ്കിലേ മരവിപ്പിക്കൽ നടപടി പൂർത്തിയാവുകയുള്ളൂ. നാഷണൽ കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഈ സംഭവം അറിയില്ലെന്നാണ് പറഞ്ഞത്. അതിനാൽ കമ്മിറ്റി പ്രവർത്തനം തുടരും. ഇതിന് മുമ്പും പല പ്രാവശ്യം മരവിപ്പിച്ചതാണ്. അതിനൊന്നും നാട്ടിൽ നിന്ന് അംഗീകാരം കിട്ടിയിട്ടില്ല. സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷ സ്‌കീം തുടങ്ങിയപ്പോൾ ചില ആശങ്കകൾ അറിയിച്ചുവെന്നല്ലാതെ നിസഹകരിച്ചിട്ടില്ല. 2020 മാർച്ചിൽ തുടങ്ങിയ മെംബർഷിപ്പ് കാമ്പയിന്റെ തുടർച്ചയാണിപ്പോൾ നടക്കുന്നതെന്നും കോവിഡ് കാരണം നിർത്തിവെച്ച കാമ്പയിൻ മണ്ഡലം കമ്മിറ്റികളുടെ നിരന്തര ആവശ്യപ്രകാരം പുനരാരംഭിക്കുകയായിരുന്നുവെന്നും അസീസ് പറഞ്ഞു.
 

Latest News