Sorry, you need to enable JavaScript to visit this website.

വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരായത് വിപണിയുടെ മുഖഛായ മാറ്റി

വിദേശ ധനകാര്യ സ്ഥാപനങ്ങൾ നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപകരായി. വിദേശ ഓപറേറ്റർമാർ ഏതവസരത്തിലും വിൽപനയിൽ നിന്ന് നിക്ഷേപത്തിലേക്ക് ചുവട് മാറ്റുമെന്ന് മുൻവാരം സൂചിപ്പിച്ചത് ശരിവെച്ച് അവർ നിക്ഷേപകരായത് വിപണിയുടെ മുഖഛായ തന്നെ മാറ്റി. 517 പോയന്റ് പ്രതിവാര നേട്ടം നിഫ്റ്റി വാരിക്കൂട്ടി, ബോംബെ സെൻസെക്‌സ് 1690 പോയന്റ് പോയവാരം ഉയർന്നു.
രണ്ട് മാസം നീണ്ട കൺസോളിഡേഷനിൽ കൈവരിച്ച കരുത്താണ് പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ സൂചികയെ പ്രപ്തമാക്കിയത്. കഴിഞ്ഞ വാരത്തിലെ 15,763 പോയന്റിൽ നിന്ന് അൽപം തളർച്ചയോടെയാണ് ട്രേഡിംഗ് തുടങ്ങിയതെങ്കിലും ചെവാഴ്ച്ച വിദേശ ഫണ്ടുകൾ 2117 കോടിയുടെ ഓഹരികൾ വാങ്ങി വരവ് അറിയിച്ചതോടെ മുൻ റെക്കോർഡ് നിഫ്റ്റി തിരുത്തി. തൊട്ട് അടുത്ത ദിവസം അവർ 2829 കോടി രൂപ കൂടി വിപണിയിൽ ഇറക്കിയത് കുതിപ്പ് ശക്തമാക്കി.
മുന്നേറ്റം കണ്ട് പ്രദേശിക നിക്ഷേപകരും തിരക്കിട്ട് രംഗത്ത് ഇറങ്ങിയത് ഓഹരി സൂചികയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. ഇതിനിടയിൽ വിദേശ ഓപറേറ്റർമാർ പുതിയ നിക്ഷേപങ്ങൾ കുറച്ച് വാരാവസാനം ലാഭമെടുപ്പിന് ഉത്സാഹിച്ചു. 


നിഫ്റ്റി രണ്ട് മാസം നീണ്ട ശ്രമഫലമായി ചരിത്രത്തിൽ ആദ്യമായി 16,000 പോയന്റ് മറികടന്ന ആവേശത്തിലാണ്. സർവകാല റെക്കോർഡായ 16,349.45 പോയന്റ് വരെ ഉയർന്ന ശേഷം ക്ലോസിങിൽ 16,238 ലാണ്. ഈ വാരം 16,446 ൽ ആദ്യ പ്രതിരോധം, ഇത് മറികടന്നുള്ള കുതിപ്പിന് തൽക്കാലം സാധ്യതയില്ലെങ്കിലും ഓഗസ്റ്റ് സെറ്റിൽമെന്റിന് മുമ്പേ 16,665 ലേക്ക് അടുക്കാം. ഈ വാരം സൂചികയ്ക്ക് താങ്ങ് 15,931-15,625 പോയന്റിലാണ്. 
ബോംബെ സെൻസെക്‌സ് 52,586 പോയന്റിൽ നിന്ന് 52,901 ലേക്ക് ഓപണിങ് ദിനത്തിൽ ഉയർന്നു. പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ കരുത്ത് കാണിച്ച് സെൻസെക്‌സ് മുന്നേറിയതിനൊപ്പം ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താൽപര്യം വർധിച്ചതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 54,717 വരെ സഞ്ചരിച്ച ശേഷം വാരാന്ത്യം 54,277 പോയന്റിലാണ്. ഈ വാരം 55,060 ൽ പ്രതിരോധവും 53,148 ൽ താങ്ങുമുണ്ട്.  


ബിഎസ്ഇ ലാർജ് ക്യാപ് ഇൻഡക്‌സും സ്‌മോൾ ക്യാപ് ഇൻഡക്‌സും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. 3.5 ശതമാനം പ്രതിവാര നേട്ടത്തിൽ നിഫ്റ്റി ബാങ്ക് ഇൻഡക്‌സ് മറ്റ് സൂചികകളെ മറികടന്നു. നിഫ്റ്റി ഐടി, എനർജി സൂചികകൾ 2.5 ശതമാനം വീതം മുന്നേറി. അതേ സമയം നിഫ്റ്റി മീഡിയ സൂചിക നാല് ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിൽ യഥാക്രമം 80 ശതമാനവും 108 ശതമാനവും ഉയർന്നു. 
വിദേശ ഫണ്ടുകൾ 2616 കോടി രൂപയും ആഭ്യന്തര ഫണ്ടുകൾ 897 കോടി രൂപയും നിക്ഷേപിച്ചു. വിദേശ നിക്ഷപത്തിന്റെ കരുത്തിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 74.33 ൽ നിന്ന് മൂല്യം 74.18 ലേയ്ക്ക് മെച്ചപ്പെട്ടു. 


കോവിഡ് പ്രതിസന്ധിയിൽ തരിപ്പണമായ രാജ്യത്തിന് സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്ക്. പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ   തുടർച്ചയായ  ഏഴാം തവണയാണ് ആർ ബി ഐ യോഗം പിരിയുന്നത്. പ്രതികൂല വാർത്തയെ തുടർന്ന് വാരാന്ത്യ ദിനം ഓഹരികൾക്ക് തിരിച്ചടി നേരിട്ടു.
ഫണ്ടുകളുടെ പിൻബലത്തിൽ മുൻനിര ഓഹരികളായ ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐ റ്റി സി, ഇൻഫോസീസ്, എച്ച് സി എൽ, എയർ ടെൽ, സൺ ഫാർമ്മ, ഡോ: റെഡീസ്, മാരുതി, എം ആന്റ് എം തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. 


മുൻനിരയിലെ പത്തിൽ ഒൻപത് കമ്പനികളുടെ വിപണി മൂല്യം 2,22,591.01 കോടി രൂപ ഉയർന്നു. 

അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ഇടിഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1814 ഡോളറിൽ നിന്ന് 1830 ലേയ്ക്ക് തുടക്കത്തിൽ സഞ്ചരിച്ചതിനിടയിലെ വിൽപന സമ്മർദം വാരാന്ത്യം മഞ്ഞലോഹത്തെ ഉഴുതുമറിച്ചു. വെളളിയാഴ്ച ഔൺസിന് 1758 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1763 ഡോളറിലാണ്.     

Latest News