ന്യൂദല്‍ഹി- കേരള സര്‍വകലാശാലയില്‍ അധ്യാപക നിയമന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്നിട്ടും അകാരണമായി മാറ്റി നിര്‍ത്തിയതിനെതിരേ 14 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിജയം.
തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജില്‍ ഗ്രേഡ്-3 അസി.പ്രൊഫസറായ ബിന്ദുവാണ് 2007ല്‍ നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. നഷ്ടപ്പെട്ട പതിനാലു വര്‍ഷത്തെ സര്‍വീസ് അംഗീകരിച്ച് മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കാനാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്.
ഇപ്പോള്‍ 53 വയസുള്ള ബിന്ദുവിന് അറുപതു വയസുവരെ സര്‍വീസില്‍ തുടരാം. എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും ഒന്നാം സ്ഥാനത്ത് എത്തിയ ബിന്ദുവിനെ അന്ന് തഴഞ്ഞത് നിയമന യോഗ്യതയുടെ ഭാഗമായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് അംഗീകാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു. ഇവയ്ക്ക് അംഗീകാരം ഉണ്ടെന്ന് ഇപ്പോള്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍ സമ്മതിച്ചതോടെയാണ് ബിന്ദുവിനെ ഒന്നാം റാങ്കുകാരിയായി അംഗീകരിച്ച് നിയമനം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അന്ന് ഒന്നാം റാങ്കുകാരിയായി നിയമനം ലഭിച്ച സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യ ഉയര്‍ന്ന പദവിയില്‍ മറ്റൊരു യൂണിവേഴ്‌സിറ്റിയിലേക്ക് പോയതിനാല്‍ ആരുടെയും ജോലി നഷ്ടപ്പെടില്ല.
ഒഴിവുണ്ടായിരുന്ന നാലു തസ്തികകളില്‍ ജനറല്‍ വിഭാഗത്തിനുള്ള രണ്ടെണ്ണത്തിലേക്കാണ് ബിന്ദു അപേക്ഷിച്ചിരുന്നത്. എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും 74 മാര്‍ക്ക് നേടിയതോടെ പ്രബന്ധങ്ങള്‍ക്കുള്ള പത്തു മാര്‍ക്കോടെ ബിന്ദു ഒന്നാമത് എത്തേണ്ടതായിരുന്നു. പ്രബന്ധങ്ങള്‍ നിരസിച്ചതോടെ മൂന്നാം റാങ്കിലേക്ക് താഴ്ന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റാങ്ക് ഉയര്‍ത്തി നിയമനം നല്‍കാന്‍ വിധിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ചു. അതിനെതിരെയാണ് ബിന്ദു സുപ്രീംകോടതിയെ സമീപിച്ചത്.






