Sorry, you need to enable JavaScript to visit this website.

വർത്തമാനവും ഭൂതവും

വർത്തമാനത്തേക്കാൾ വീറും വെളിച്ചവും നൽകുന്നതാണ് പലപ്പോഴും ഗതകാല സ്മരണകൾ.  തലമുറകളിലൂടെ കൈമാറി വരുന്ന ആ ഓർമകളും അറിവുകളും നിരന്തരം പരിശോധിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. അന്നന്നത്തെ ക്ഷുദ്രമായ രാഷ്ട്രീയ സാഹചര്യങ്ങളും വ്യക്തികളുടെയോ സമൂഹഖണ്ഡങ്ങളുടെയോ മോഹങ്ങളും വിക്രമങ്ങളും ഇന്നല്ലെങ്കിൽ നാളെ മറന്നു പോകുന്നു. പതിറ്റാണ്ടുകൾക്കങ്ങേപ്പുറത്തെ സംഭവങ്ങൾ വാക്കുകളുടെ പൊട്ടിത്തെറിയായി തുടരുന്നു. 

തമിഴകത്തിന്റെയും കേരളത്തിന്റെയും വിദൂര ബന്ധങ്ങൾ ഉരുക്കഴിക്കുന്ന രണ്ടു പുസ്തകങ്ങളെപ്പറ്റി കഴിഞ്ഞയാഴ്ച വന്ന പഠനങ്ങളാണ് ഈ പംക്തിക്ക് നിദാനം. പ്രാചീന ഭാരതീയരെപ്പറ്റിയുള്ള ടോണി ജോസഫിന്റെ പുസ്തകവും സിന്ധു മുതൽ വൈഗൈ വരെ കാറ്റു പിടിച്ചുവന്ന ഒരു സംസ്‌കൃതിയുടെ യാത്ര എന്ന ആർ. ബാലകൃഷ്ണന്റെ ഗവേഷണ പഠനവും.  ചെന്നൈ ആസ്ഥാനമായ സിന്ധു പഠന കേന്ദ്രത്തിന്റെ ഉപദേഷ്ടാവാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ.  

ആ അക്കാദമിക പദവി ഏതാണ്ടൊരു പിന്തുടർച്ച പോലെ ബാലകൃഷ്ണന് കൈവന്നത് സിന്ധു നാഗരികതയുടെ ആസ്ഥാന പണ്ഡിതനായിരുന്ന ഐരാവതം മഹാദേവനിൽ നിന്നത്രേ.  ഐ എ എസ് മുന്നോട്ടു വെച്ച ഭരണ വെല്ലുവിളികളേക്കാൾ മഹാദേവന് ആവേശം പകർന്നത് ഹരപ്പയിലും മോഹൻജദാരോയിലും നൂറ്റാണ്ടുകളിലൂടെ ചിതറിക്കിടന്ന ലിഖിതങ്ങളും വാങ്മയങ്ങളുമായിരുന്നു. അര നൂറ്റാണ്ടു നീണ്ട മഹാദേവന്റെ പഠനത്തിൽ സിന്ധു ലിപിയുടെ പ്രഹേളികകളും പരിണാമ ഭംഗികളും അനാവരണം ചെയ്യപ്പെട്ടു. നാലായിരം കൊല്ലം മുമ്പ് സിന്ധുതീരത്ത് പ്രചരിച്ചു മണ്മറഞ്ഞ  ലിപി തിരിച്ചറിയുകയും വായിച്ചെടുക്കുകയും ചെയ്തത് മഹാദേവൻ ആയിരുന്നു. അതിനിടെ അദ്ദേഹം മാധ്യമ ഭരണത്തിലും മുഴുകി തെല്ലിട, ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനറൽ മാനേജർ എന്ന നിലയിൽ. 

ഒഡിഷ കാഡറിൽ പെട്ട ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ ഒരു ദിവസം ഒരു ഒഡിഷ ഗ്രാമത്തിൽ എത്തിപ്പെടാൻ ഇടയായി. ആ നാട്ടിൻപുറത്തിന്റെ പേര് തമിളി എന്നായിരുന്നു. തമിഴുമായുള്ള സ്വരസാദൃശ്യം ശ്രദ്ധിച്ച ബാലകൃഷ്ണൻ പിന്നെയും ചുഴിഞ്ഞിറങ്ങിയപ്പോൾ നാട്ടുകാരുടെ ഭാഷക്കും തമിഴുമായി വലിയ അടുപ്പം ഉണ്ടെന്നു മനസ്സിലായി. തമിഴ് എങ്ങനെ ഒഡിഷയിൽ എത്തി? സിന്ധു നദീതടത്തിൽനിന്ന് ഒരു സംസ്‌കൃതിയുടെ അനന്തരാവകാശികൾ എങ്ങനെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ പ്രദേശത്ത് പടർന്നു വളർന്നു എന്ന അന്വേഷണം ആരംഭിച്ചതും ആ ചോദ്യത്തിൽ നിന്നായിരുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെവിടെയോ ആയിരുന്നു ആദിമ മനുഷ്യന്റെ ആവാസം എന്നാണ് ഒരു തിയറി. അനുകൂലമായ കാലാവസ്ഥക്കു വേണ്ടി തിരച്ചിൽ തുടങ്ങിയ ആ പൂർവ സൂരികൾ ആയിരം താവഴികളായി ആയിരത്താണ്ടുകളിലൂടെ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു മാറി സിന്ധു തീരത്തെത്തി. അവരായിരുന്നു സിന്ധു നദീതട സംസ്‌കാരത്തിന്റെ പ്രണേതാക്കൾ. അവരും കാലത്തിന്റെ വിദൂര സീമകളിൽ ലക്ഷ്യമറിയാതെ നീങ്ങിയിരുന്ന സാർഥ വാഹക സംഘങ്ങളായിരുന്നു.

സൈന്ധവ സംസ്‌കാരം ക്രിസ്തുവിന് രണ്ടായിരം കൊല്ലം മുമ്പ് നാശോന്മുഖമായി. വിന്ധ്യനപ്പുറമുള്ള ഇന്ത്യയുടെ വടക്കും കിഴക്കും പ്രദേശങ്ങളിൽ കൂട്ടം തെറ്റിയെത്തിയ ആ ജനപദങ്ങൾ അലിഞ്ഞുചേർന്നു. അതായിരുന്നു ഹാരപ്പയുടെയും മോഹൻ ജദാരോയുടെയും ശേഷപത്രം അടുത്ത കാലം വരെ. അതിനെ തിരുത്തി, ദക്ഷിണേന്ത്യൻ സംസ്‌കാര ശാഖകളെ സിന്ധു ജനവുമായി ബന്ധപ്പെടുത്തുന്ന ഗവേഷണത്തിന് ആക്കം കൂട്ടുന്നതാണ് ബാലകൃഷ്ണന്റെ ഉദ്യമം.  

വൈഗൈ നദിയുടെ കരകളിൽ നടന്ന ഉദ്ഖനനങൾ ബാലകൃഷ്ണന്റെ നിഗമനത്തെ പിന്നെയും ബലപ്പെടുത്തുന്നു. സിന്ധു മുതൽ വൈഗൈ വരെയുള്ള ഒരു സംസ്‌കൃതിയുടെ യാത്ര അടയാളപ്പെടുത്തുന്ന പഠനത്തിൽ കഴിഞ്ഞ കാലത്തെ ചരിത്രകാരന്മാർക്കും ഉദ്ഖനന വിദഗ്ധർക്കും ഇല്ലാതിരുന്ന ചില സൗകര്യങ്ങൾ ബാലകൃഷ്ണന്റെ തലമുറക്ക് ലഭ്യമായിട്ടുണ്ട്. നാലഞ്ചു കൊല്ലം മുമ്പു മാത്രം വികസിച്ചു വന്ന ജനസംഖ്യാ ജനിതക ശാസ്ത്രം അതിലൊന്നാകുന്നു. പുതിയ രീതിശാസ്ത്രങ്ങളും ഭാഷാവിശകലനങ്ങളും നാമരൂപങ്ങളും ആചാര പഠനങ്ങളുമായി ബാലകൃഷ്ണൻ ഒരുക്കിയിരിക്കുന്നത് പുതിയൊരു ജ്ഞാന മണ്ഡലം തന്നെ. അതിന്റെ നേർഫലമായി തമിഴകത്തിന്റെ നാലതിരുകൾ മാറി മറയുന്നു. ചരിത്രപരമായി പുതിയൊരു ഭൂമിശാസ്ത്രം രൂപം കൊള്ളുന്നു. 

സിന്ധു മുതൽ വൈഗൈ വരെയുള്ള സംസ്‌കാര പ്രയാണം നിരൂപണം ചെയ്തുകൊണ്ട് തമിഴ്‌നാട് സർക്കാരിന്റെ പുരാവസ്തു വിഭാഗം തലവനായ ടി.  ഉദയചന്ദ്രൻ ഇങ്ങനെ പറയുന്നു: 'സിന്ധു പുരാവസ്തു ശാസ്ത്രവും കീഴടിയിലെ ഉദഖനനങ്ങളൂം സംഘ സാഹ്യിത്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ബാലകൃഷ്ണൻ നടത്തിയ സമാന്തര പഠനങ്ങൾ സ്ഥാപിക്കുന്നു.  സിന്ധു പുരാവസ്തു ശാസ്ത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ വിശദീകരിക്കാൻ പുതിയ ഉൾക്കാഴ്ചയോടെ ബാലകൃഷ്ണൻ സംഘകാല സാഹിത്യത്തെ സമീപിച്ചിരിക്കുന്നു. സംസ്‌കൃത സമാന്തരതകളും അതിൽ അപഗ്രഥിക്കപ്പെടുന്നു.'

തമിഴകത്തിന്റെ പ്രാചീന ഭൂമിശാസ്ത്രം പുനരാവിഷ്‌കരിക്കപ്പെടുന്നു എന്നു മാത്രമല്ല ഇതിന്റെ ഫലം. ക്രിസ്തുവിനു മുമ്പ് ഏതാണ്ട് രണ്ടായിരം കൊല്ലം മുമ്പ് അപചയത്തിലേക്കു നീങ്ങാൻ തുടങ്ങിയ സിന്ധു ജനത എവിടെ പോയി, അവരുടെ ഭാഷയും സംസ്‌കാരവും എങ്ങനെ  പരിണമിച്ചു എന്ന കൂലങ്കഷ പഠനത്തിന് ഇത് വഴിയൊരുക്കുന്നു. ബാലകൃഷ്ണന്റെ പുസ്തകം മാറ്റിവെച്ചുകൊണ്ട് ഇനിയൊരു ദക്ഷിണേന്ത്യൻ അപഗ്രഥനം സാധ്യമല്ല എന്നു വരെ പറഞ്ഞുറപ്പിക്കുന്നു ഒരു പണ്ഡിതൻ.

ഭൂമിശാസ്ത്രം പുനർനിർവചിക്കപ്പെടുന്ന തമിഴകത്തിന്റെ കാര്യമാണ് പറഞ്ഞു വന്നതെങ്കിലും കേരളത്തിന്റെ മഹിമയെ വാഴ്ത്താനും ഇത് അവസരമാകുന്നു.  സുമേരിയൻ സംസ്‌കാരവും ഈജിപ്ഷ്യൻ സംസ്‌കാരവും മറ്റുമായി കേരളത്തെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. പ്രാചീന രാജ്യങ്ങളുമായി കേരളം എങ്ങനെ ബന്ധപ്പെട്ടിരുന്നു എന്നു പഠിക്കുന്ന ഒരു പുസ്ത്കം തന്നെ വന്നിട്ടുണ്ട്,
അറബികളും ചൈനക്കാരും യഹൂദരും കൊടുങ്ങല്ലൂർ തുറയിൽ കുരുമുളകിനു വേണ്ടി കാത്തുകെട്ടിക്കിടന്നിരുന്നതായി മുസിരിസിന്റെ
പ്രവാചകർ പറയുന്നു. തോമസ് ഐസക്കിന്റെയും മറ്റും ഒത്താശയോടെ മുസിരിസ് പൈതൃകം പഠന വിധേയമാക്കുമ്പോൾ പ്രൊഫസർ ചെറിയാന്റെ നേതൃത്വത്തിൽ മുസിരിസിന്റെ നാൾവഴി പേരേട് നിർണയിക്കാൻ ശ്രമം നടന്നിരുന്നു. കുറെ പണം ചെലവഴിച്ച ശേഷം മുസിരിസ് പൈതൃക പഠനം നിലച്ചു. ചെറിയാൻ ചരിത്ര കൗൺസിലിൽ നിന്നു പിരിഞ്ഞപ്പോൾ ആ വഴിക്കുള്ള നീക്കവും ഇല്ലാതായി.  ആലസ്യത്തിന്റെയും അക്കാദമികമായ സങ്കുചിതത്വത്തിന്റെയും രാഷ്ട്രീയ വക്രതയുടെയും ചരിത്രം രചിക്കുമ്പോൾ മുസിരിസിന്റെ ദുർഗതി വിവരിക്കപ്പെടാതിരിക്കില്ല.

കോഴിക്കോടിനെ സത്യത്തിന്റെ സങ്കേതമായി കപ്പൽ കച്ചവടക്കാർ വിലയിരുത്തിയിരുന്നു. നേരു പറഞ്ഞും നേരായി കച്ചവടം നടത്തിയും കഴിഞ്ഞ ഒരു കാലത്തെ സുവർണകാലം എന്നല്ലാതെ എന്തു വിളിക്കും? മുസിരിസിന്റെ കാലവും സുവർണ കാലമായി കണക്കാക്കാം. ആർക്കും ചേതമില്ലല്ലോ. മുസിരിസ് കൊടുങ്ങല്ലൂരോ പ്രൊഫസർ ചെറിയാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നതു പോലെ ആലുവായിലെ പട്ടണത്തോ എവിടെയായിരുന്നു എന്ന തർക്കം തീരുന്നതല്ല. മുരചിയിൽ (ആലുവാപ്പുഴ) നിന്നുയരുന്ന കാറ്റേറ്റ മുഖവുമായി, രഘു ചക്രവർത്തിയുടെ  പട്ടാളക്കാരെ കാണാൻ ഓടിയെത്തുന്ന കേരള കന്യകകളെപ്പറ്റി കാളിദാസനും ഉപന്യസിച്ചിരുന്നു. അതല്ലേ സുവർണ കാലം?

നമ്മുടെ സ്വന്തം ഇളംകുളം കുഞ്ഞൻ പിള്ളയും രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് വീതിയേറിയ തെരുവുകളും വെണ്ണക്കൽ നിലങ്ങളും നൃത്തമാടുന്ന വിലാസവതികളുമൊക്കെയുള്ള മഹോദയപുരത്തിന്റെ സ്വർണദശയെപ്പറ്റി പഠിച്ചിരുന്നു. ആ മഹോദയപുരം പക്ഷേ കേരളത്തിലല്ല, തമിഴകത്തെ കരൂർ ആയിരുന്നു എന്ന് പി കെ ബാലകൃഷ്ണൻ തടസ്സവാദമുന്നയിച്ചു. മാത്രമല്ല, കൃഷി ചെയ്യാൻ വേണ്ട ഇടമോ യാത്ര ചെയ്യാൻ വേണ്ട വഴിയോ ഇല്ലാത്ത നാടായിരുന്നു കേരളം എന്നും ഏതാണ്ടൊരു നൈരാശ്യവദിയുടെ മട്ടിൽ അദ്ദേഹം ഉറപ്പിക്കാൻ നോക്കി. കേരളത്തിലെ ജാതിവ്യവസ്ഥിതി മറ നീക്കി കാട്ടാനായിരുന്നു പി കെ ബാലകൃഷ്ണന്റെ ശ്രമം. സുവർണ കാല സങ്കൽപം തള്ളിക്കളയുകയായിരുന്നു അദ്ദേഹം.
പത്തു മുപ്പതു കൊല്ലത്തിനു ശേഷം ഇപ്പോഴിതാ ഒരു ദൽഹി പ്രൊഫസർ, ഡി എൻ ഝാ പറയുന്നു, 'ഇന്ത്യക്ക് ഒരിക്കലും ഒരു സുവർണ കാലം ഉണ്ടായിരുന്നില്ല.' 

 

Latest News