റിയാദ് - അല്‍ഖര്‍ജില്‍ പാര്‍ക്കില്‍ വഴിവാണിഭം നടത്തുകയായിരുന്ന യുവതിയെ മര്‍ദിച്ച സ്വദേശി യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മൂന്നു സ്വദേശി യുവാക്കളില്‍ ഒരാളാണ് യുവതിയെ മര്‍ദിച്ചത്. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംഭവ സമയത്ത് മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന രണ്ടു കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് വക്താവ് അറിയിച്ചു.
പാര്‍ക്കില്‍ വഴിവാണിഭം നടത്തുകയായിരുന്നു യുവതിയെ കിന്നാരം പറഞ്ഞ് സമീപിച്ച യുവാവ് സ്‌നാപ് ചാറ്റ് അക്കൗണ്ട് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റം ഉടലെടുക്കുകയും യുവാവ് യുവതിയെ മര്‍ദിക്കുകയുമായിരുന്നു. യുവാവിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് ഓടിയകലാന്‍ നോക്കിയ യുവതിയെ പ്രതി പിന്തുടര്‍ന്നും മര്‍ദിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സംഭവം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ വൈകാതെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് റെക്കോര്‍ഡ് വേഗത്തില്‍ അല്‍ഖര്‍ജിലെ സുരക്ഷാ വകുപ്പുകള്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.






