Sorry, you need to enable JavaScript to visit this website.

ലണ്ടനിലേക്ക് പറക്കാന്‍ ഇക്കോണമി ടിക്കറ്റിന് 4 ലക്ഷം രൂപ; ഡിജിസിഎ ഇടപെട്ടു

ന്യൂദല്‍ഹി- ലണ്ടനിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച വിമാന കമ്പനികള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളില്‍ നിന്നും അവരുടെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച റിപോര്‍ട്ട് ഡിജിസിഎ തേടിയതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 3.95 ലക്ഷം രൂപ ഈടാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനായ സഞ്ജീവ് ഗുപ്ത ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര ഇതേ ടിക്കറ്റിന് 1.2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം സെക്രട്ടറിയായ ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം ഗുപ്ത വ്യോമയാന മന്ത്രാലയം സെക്രട്ടറി പി എസ് ഖറോലയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലും ഈ കൊള്ള നിരക്കിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് ഡിജിസിഎ ഇടപെടല്‍. 

2020 മേയ് 25 മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിന് ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിന് ഇത്തരം നിയന്ത്രണങ്ങളില്ല. നിരക്ക് നിര്‍ണയം എല്ലായ്‌പ്പോഴും യാത്രാക്കാരുടെ എണ്ണത്തേയും വിതരണത്തേയും ആശ്രയിച്ചാണിരിക്കുന്നതെന്ന് വിസ്താര പറയുന്നു. ഇന്ത്യ-ബ്രിട്ടന്‍ റൂട്ടില്‍ ആഴ്ചയില്‍ 15 ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മാത്രമാണ് പറക്കാന്‍ അനുമതിയുള്ളത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കും. അപ്പോള്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്കും കുറയും- വിസ്താര കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരിച്ചിരുന്നു.
 

Latest News