പനജി- ഗോവയിലെ ആം ആദ്മി പാര്‍ട്ടി മുന്‍ കണ്‍വീനറും 2017ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന എല്‍വിസ് ഗോമസ് കോണ്‍ഗ്രസ് ചേര്‍ന്നു. ഒമ്പതു മാസം മുമ്പാണ് എല്‍വിസ് എഎപിയില്‍ നിന്ന് രാജിവച്ചത്. 20 വര്‍ഷത്തോളം ഐഎഎസ് ഉദ്യോഗസ്ഥനായ എല്‍വിസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി എല്‍വിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച കോണ്‍ഗ്രസ് ഹൗസില്‍ ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ചോഡാങ്കര്‍, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് എല്‍വിസ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമാണിതെന്ന എല്‍വിസ് പറഞ്ഞു.
70 വര്‍ഷമായി ഒരു പരിക്കുമേല്‍ക്കാത്ത പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റേത്. ആളുകള്‍ വന്നിട്ടും പോയിട്ടുമുണ്ടാകാം. കൂറുമാറുകയും വഞ്ചിച്ചുപോകുകയും ചെയ്തിട്ടുണ്ടാകാം. കോണ്‍ഗ്രസിനെ ഞാന്‍ വിമര്‍ശിച്ചത് ഈ കാരണം കൊണ്ടായിരുന്നു. അത് വസ്തുതാപരവുമായിരുന്നു. ഇത് ഇനി സംഭവിച്ചാലും ഞാന്‍ വിമര്‍ശിക്കും- എല്‍വിസ് പറഞ്ഞു.