Sorry, you need to enable JavaScript to visit this website.

ശ്രീജേഷിനും കിട്ടും ഒരു കോടി രൂപ; സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംശീര്‍ വയലില്‍

ദുബായ്- ഒളിംപിക് മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങള്‍ കോടികളുടെ സമ്മാനവും പദവികളിലും നല്‍കി ആദരിച്ചപ്പോള്‍ ഇന്ത്യന്‍ ഹോക്കി ടീമിന് നാലു പതിറ്റാണ്ടിനു ശേഷം മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ സമ്മാനമൊന്നും നല്‍കിയില്ല എന്ന പരാതിക്കിടെ ദുബായ് ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. വിപിഎസ് ചെയര്‍മാനും എംഡിയുമായ ഡോ. ഷംശീര്‍ വയലില്‍ ആണ് സമ്മാന പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളി എന്ന നിലയില്‍ എനിക്കും അഭിമാനമുണ്ട്. ശ്രീജേഷിന്റേയും സഹതാരങ്ങളുടേയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കള്‍ക്ക് തുടര്‍ന്നു പ്രചോദനമാകുമെന്നുറപ്പാണ്- ഡോ. ഷംശീര്‍ പറഞ്ഞു. 

ടോക്കിയോയിലുള്ള ശ്രീജേഷിനെ ഫോണില്‍ വിളിച്ചാണ് ഡോ. ഷംശീര്‍ പാരിതോഷിക വിവരം അറിയിച്ചത്. ടീമിന്റേയും തന്റേയും പ്രകടനത്തെ അഭിനന്ദിക്കാന്‍ വിളിച്ചതിന് നന്ദിയുണ്ടെന്ന് ശ്രീജേഷ് മാധ്യമങ്ങള്‍ക്കു നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്, ഇതൊരു സര്‍പ്രൈസാണ്- ശ്രീജേഷ് പ്രതികരിച്ചു.

Latest News