മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ പോലീസ് സ്റ്റേഷനുകളിലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി- മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഏറ്റവും കൂടുതല്‍ ഹനിക്കപ്പെടുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി രമണ. കസ്റ്റഡി പീഡനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത് ഇപ്പോഴും സമൂഹത്തില്‍ ഒരു പ്രശ്‌നമായി തുടരുകയാണെന്നും ഇതു സംബന്ധിച്ച് പോലീസിനെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. മനുഷ്യാവകാശങ്ങളും അന്തസ്സും പരമപ്പവിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ ഉറപ്പുകളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടും പാലീസ് സ്റ്റേഷനുകളില്‍ കാര്യക്ഷമമായ നിയമസഹായ സംവിധാനങ്ങള്‍ ഇല്ലാത്തത് അറസ്റ്റിലാകുന്ന അല്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുന്ന വ്യക്തികള്‍ക്ക് ഹാനികരമായി ഭവിക്കുന്നു. പിടിയിലാകുന്ന ഈ ആദ്യ സമയങ്ങളില്‍ തന്നെ എടുക്കപ്പെടുന്ന തീരുമാനങ്ങളാണ് ഒരു വ്യക്തിക്ക് പിന്നീട് നിയമപരമായി സ്വയം പ്രതിരോധിക്കാനുള്ള ശേഷി നിര്‍ണയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

പദവിയും ശേഷിയും ഉള്ളവര്‍ പോലും മൂന്നാം മുറയ്ക്ക് വിധേയരാകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമ സഹായങ്ങള്‍ക്കുള്ള ഭരണഘടനാ അവകാശങ്ങളെ കുറിച്ചും ലഭ്യതയും സൗജന്യ നിയമ സഹായ സേവനങ്ങളെ കുറിച്ചും പോലീസിന് അവബോധം നല്‍കുകയാണ് പോലീസിന്റെ അമിതാധികാര പ്രയോഗത്തിന് തടയിടാനുള്ള വഴി. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ പോലീസ് സ്റ്റേഷനുകളിലും അല്ലെങ്കില്‍ ജയിലുകളിലും ബോര്‍ഡുകളും സ്ഥാപിക്കുന്നത് ഇതിനുള്ള ഒരു മാര്‍ഗമാണ്. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ദേശവ്യാപകമായി പോലീസിനെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 

കുറ്റാരോപിതര്‍ക്ക് സൗജന്യമായി നിയമ സേവനങ്ങള്‍ നല്‍കുന്ന ദീര്‍ഘകാല പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും ഇത് ബ്രിട്ടീഷ് കാലത്ത് സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു വേണ്ടി തുടങ്ങിയതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
 

Latest News