തിരുവനന്തപുരം- നാദിർഷ സംവിധാനം ചെയത് ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തീവ്രവർഗീയ പരാമർശങ്ങളുമായി മുൻ എം.എൽ.എ പി.സി. ജോർജ് വീണ്ടും. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെയാണ് പരാമർശം.
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പരാമർശം. മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോർജ് പാട്ടിലെ രണ്ടാമത്തെ വരിയിൽ 'തഞ്ചത്തിൽ ഒപ്പന പാടി വായോ ഉണ്ണിമായേ എന്നതിന് പകരം മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തിൽ ഒപ്പന പാടി വായോ' എന്നെഴുതാമായിരുന്നില്ലേ എന്നും ചോദിച്ചു.
'ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാൻ പറഞ്ഞാൽ എന്താണ് മനുഷ്യൻ മനസിലാക്കേണ്ടത്. ഇതൊക്കെ ചർച്ച നടക്കുകയാണ് ഇപ്പോഴെന്നും ജോർജ് പറഞ്ഞു.
അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. 'മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തിൽ ഒപ്പന പാടി വായോ' എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം എന്നും ജോർജ് പറഞ്ഞു.