മോഡി ക്ഷണിച്ചു; മൻ കി ബാത്തിലേക്ക് മൂന്ന് ആശയങ്ങളുമായി രാഹുൽ 

ന്യൂദൽഹി- പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റിന്  മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്‌ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങൾ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.  
ജനുവരി 28 ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന 2018 ലെ ആദ്യ മൻ കി ബാത്ത് പരിപാടിയിലേക്ക് ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിങ്ങളുടെ ആശയങ്ങൾ രാജ്യത്തോട് പങ്കുവെക്കുമെന്ന വാഗ്ദാനവും മോഡി നൽകിയിരുന്നു. മൂന്ന് വിഷയങ്ങളിലും മൻ കി ബാത്തിലൂടെ നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ എന്തുചെയ്യും.
 ചൈനീസ് സൈന്യത്തെ ദോക്‌ലാമിൽനിന്ന് പുറത്താക്കാൻ എന്ത് നടപടി സ്വീകരിക്കും. 
ഹരിയാനയിലെ ബലാത്സംഗങ്ങൾ അവസാനിപ്പിക്കാൻ എന്തുചെയ്യും എന്നീ ചോദ്യങ്ങളാണ് രാഹുൽ മുന്നോട്ടുവെച്ചത്. 

Latest News