Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന

കൊണ്ടോട്ടി- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ശബ്ദരേഖ ലഭിച്ചതോടെ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ 30ന് അറസ്റ്റിലായ കൊടുവള്ളി സ്വദേശി റിയാസ് എന്ന കുഞ്ഞീതുവിന്റ മൊബൈല്‍ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ രേഖകളില്ലാത്ത വാഹനം തയാറാക്കണമെന്ന് ശബ്ദ സന്ദേശം ലഭിച്ചത്. ഇതിനായി എത്ര പണം ചെലവഴിക്കാനും തയാറാണെന്നും ആളെ ഒരുക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്. ഇതിന് പിറകെ അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടുപോയി അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതികളെന്ന സംശയിക്കുന്ന കൊടുവള്ളി സ്വദേശികളുടെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. മലപ്പുറം, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ മേഖലയിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് കരിപ്പൂര്‍ അന്വേഷണ സംഘം.
കഴിഞ്ഞ ജൂണ്‍ 21 നാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചത്. കേസ് അന്വേഷണത്തില്‍ ഇതുവരെ 27 പ്രതികള്‍ അറസ്റ്റിലായി. പതിനാറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 17 പ്രതികളുടെ ജാമ്യം മഞ്ചേരി സെഷന്‍സ് കോടതി രണ്ട് ദിവസം മുമ്പ് തള്ളിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടിയിലാണ് കേസ് അന്വേഷണ സംഘത്തിന് നേരെ തിരിയാന്‍ സംഘത്തെ പ്രേരിപ്പിച്ചത്.പ്രതികളുടെ ഹവാല ഇടപാടുകളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും പോലിസ് നിരീക്ഷിക്കുന്നുണ്ട്.

 

Latest News