കോഴിക്കോട്- ഉപ്പു തൊട്ടു കര്‍പ്പൂരം വരെ കിട്ടുന്ന സൂപ്പര്‍ മാര്‍ക്കറ്റ് കൊച്ചുകാറില്‍ ഒരുക്കിയിരിക്കുകയാണ് മുക്കം സ്വദേശി മുഹമ്മദ് കുട്ടി. വാഹനത്തിരക്കോ ആള്‍ത്തിരക്കോ ഇല്ലാത്ത ഗ്രാമ വഴികളിലൂടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് സഞ്ചരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ചേന്ദമംഗല്ലൂര്‍ പുല്‍പറമ്പ് സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ ഓടുന്ന കാര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കും. ചെറിയ ഗൃഹോപകരണങ്ങളും ലഭ്യം.
നാല് ടൂറിസ്റ്റ് ബസുകളുടെ ഉടമയായ മുഹമ്മദ് കുട്ടി കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധി കടുത്തതോടെയാണു ഉപജീവനത്തിനു സ്വന്തം കാര്‍ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റാക്കി നിരത്തിലിറക്കിയത്. കാറിന്റെ വശങ്ങളിലും മുന്നിലും മറ്റുമായി അവശ്യ സാധനങ്ങള്‍ കെട്ടിവച്ചാണ് വില്‍പനക്കെത്തുന്നത്. ടൂറിസ്റ്റ് ബസ് വ്യവസായത്തെ കോവിഡ് തകര്‍ത്തതായി അദ്ദേഹം പറഞ്ഞു.