ന്യൂദല്‍ഹി- ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി കുറിപ്പിട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
ജഡ്ജിമാര്‍ക്കെതിരായ അതിക്രമ പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികരിക്കുന്നില്ലെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് നടപടി. കീഴ്‌ക്കോടതി ജഡ്ജിമാര്‍ തങ്ങള്‍ക്കു നേരിടേണ്ടിവരുന്ന ഭീഷണികളെക്കുറിച്ചു പരാതിപ്പെട്ടാല്‍ സിബിഐയോ മറ്റ് അന്വേഷണ ഏജന്‍സികളോ പ്രതികരിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്.
ചില കോടതി വിധികള്‍ക്ക് ശേഷം ജഡ്ജിമാരെയും കോടതികളെയും സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.






