അട്ടപ്പാടിയില്‍ പോലീസ് ഭീകരാന്തരീക്ഷം; സ്ത്രീകളെയടക്കം മര്‍ദിച്ചു

ഷോളയൂര്‍- അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ വട്ടളക്കി ഊരുമൂപ്പന്‍ ചൊറിയനെയും മകനും ആദിവാസി നേതാവുമായ പി.വി മുരുകനെയുമാണ് അഗളി സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റുചെയ്തത്.

അറസ്റ്റിനിടെ  സ്ത്രീകളെയും മുരുകന്റെ 17 വയസ്സായ മകനെയും പോലീസ് മര്‍ദിച്ചതായി പരാതിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മുരുകനും അയല്‍വാസിയായ കറുതാചലവും തമ്മല്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അയല്‍വാസി പോലീസിനെ സമീപിക്കുകയായിരുന്നു. മുരുകനും കുടുംബവും ആക്രമിച്ചെന്നായിരുന്നു അയല്‍വാസിയുടെ പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പോലീസ് അതിക്രമത്തില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പത്ത് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഊരില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന പരാതി അന്വേഷിക്കുമെന്ന് അഗളി എ.എസ.്പി അറിയിച്ചു.

 

Latest News