Sorry, you need to enable JavaScript to visit this website.

വാഹനാപകട നഷ്ടപരിഹാരം ഇനി വൈകരുത്,    അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസത്തിനകം നല്‍കണം

തിരുവനന്തപുരം- വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാന്‍ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്ലെയിം ട്രിബ്യൂണലില്‍ സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പോലീസ് ആദ്യ അപകട റിപ്പോര്‍ട്ട് (എഫ്.എ.ആര്‍.) തയ്യാറാക്കണം. ഇന്‍ഷുറന്‍സ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോര്‍ട്ടിന് (എഫ്.ഐ.ആര്‍.) പുറമേയാണിത്. 50 ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും (ഐ.എ.ആര്‍.), 90 ദിവസത്തിനുള്ളില്‍ വിശദറിപ്പോര്‍ട്ടും (ഡി.എ.ആര്‍.) നിശ്ചിത ഫോമില്‍ മോട്ടോര്‍വാഹന നഷ്ടപരിഹാര ട്രിബ്യൂണലില്‍ സമര്‍പ്പിക്കണം.
അപകടവുമായി ബന്ധപ്പെട്ട ക്രൈം  കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കണം. വീഴ്ചവരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. വാഹനാപകട അന്വേഷണരീതിയില്‍ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോര്‍വാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്. ഡ്രൈവര്‍, വാഹന ഉടമ എന്നിവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ ശേഖരിച്ച് 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യണം. ഇതിന്റെ പകര്‍പ്പിനൊപ്പം, ട്രിബ്യൂണലില്‍ സമര്‍പ്പിക്കുന്ന മൂന്ന് അപകട റിപ്പോര്‍ട്ടുകളും വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് കൈമാറണം. ഇരയായവരുടെ വിവരങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ട്രിബ്യൂണലിനും ഇന്‍ഷുറന്‍സ് കമ്പനിക്കും കൈമാറണം.
അപകടസ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സൈറ്റ് പ്ലാന്‍, അപകടത്തിന്റെ സ്‌കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങള്‍ എന്നിവ എഫ്.എ.ആറില്‍ ഉള്‍ക്കൊള്ളിക്കണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ചികിത്സാരേഖകള്‍ എന്നിവ 15 ദിവസത്തിനുള്ളില്‍, ആശുപത്രികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറണം. ഇന്‍ഷുറന്‍സ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാന്‍ സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. എഫ്.എ.ആര്‍. നല്‍കുന്ന കേസുകളില്‍ തുടര്‍ നടപടികള്‍ ചുമതലപ്പെടുത്തി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധിയെ നിയോഗിക്കണം
 

Latest News