Sorry, you need to enable JavaScript to visit this website.

കവളപ്പാറ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് രണ്ടു വർഷം 

2019-ൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 59-പേരുടെ ജീവൻ കവർന്ന കവളപ്പാറ മുത്തപ്പൻകുന്നിന്റെ ഇപ്പോഴത്തെ ദൃശ്യം.
കവളപ്പാറ ദുരന്ത ബാധിതരായ ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കു ഞെട്ടിക്കുളത്ത് നടക്കുന്ന വീട് നിർമാണം.

മലപ്പുറം- 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം നടന്നു രണ്ടു വർഷം പൂർത്തിയാകുമ്പോഴും നടുക്കുന്ന ദുരന്ത സ്മരണകൾ ഉള്ളിലൊതുക്കി ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്. 
2019-ഓഗസ്റ്റ് എട്ടിനാണ് കേരളം കണ്ടതിൽ വച്ചേറ്റവും വലിയൊരു ദുരന്തം മലയോര മേഖലയെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിൽ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന 45 ഓളം വീടുകൾ മണ്ണിനടിയിലായി. രാത്രി എട്ടു മണിയോടെയുണ്ടായ ദുരന്തത്തിൽ ഓടിരക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിന്റെ മാറിൽ പുതഞ്ഞുപോയി. 20 ദിവസത്തോളം നീണ്ടു നിന്ന തെരച്ചിലിൽ 49 മൃതദേഹങ്ങൾ കണ്ടെടുക്കാനായി. 11 ജീവനുകൾ മുത്തപ്പൻകുന്നിന്റെ മടിത്തട്ടിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങൾ പോലും ദുരന്തത്തിനിരകളായി.


നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകർത്തെറിഞ്ഞ ദുരന്തം ഭീതിയോടെ മാത്രമാണ് അവശേഷിക്കുന്നവർ ഇന്നു ഓർക്കുന്നത്. കവളപ്പാറയിലേയും പരിസര പ്രദേശങ്ങളിലെയും ദുരന്തബാധിതരായ 128 കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഏറെക്കുറെ സാധ്യമാക്കിയിട്ടുണ്ട്. ജനറൽ വിഭാഗത്തിലുള്ള 33 കുടുംബങ്ങൾക്ക് ഭൂദാനത്തും 24 കുടുംബങ്ങൾക്കു ഞെട്ടിക്കുളത്തും പുനരധിവാസം സാധ്യമാക്കി. റീബിൽഡ് നിലമ്പൂർ വാങ്ങി നൽകിയ ഭൂമിയിൽ മുസ്ലിം ജമാഅത്ത് 12 വീടുകളും നിർമിച്ചു നൽകിയിട്ടുണ്ട്. മുതുകുളത്ത് 15 കുടുംബങ്ങളും വണ്ടൂർ കാരാട് നാലു കുടുംബങ്ങളും താമസമാക്കിയിട്ട് മാസങ്ങളായി. മറ്റു ചില കുടുംബങ്ങൾ സർക്കാർ സഹായം വാങ്ങി സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീടുകൾ നിർമിച്ച് താമസിക്കുന്നുമുണ്ട്. ഞെട്ടിക്കുളത്ത് ജനറൽ വിഭാഗത്തിലുള്ള കുടുംബങ്ങളുടെ 24 വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 


കവളപ്പാറയിലെ 33 പട്ടികവർഗ കുടുംബങ്ങൾക്കുൾപ്പെടെ ആനക്കല്ലിൽ വീടുകളുടെ നിർമാണവും നടന്നുവരുന്നുണ്ട്. വീട് നിർമാണം പൂർത്തിയാകാത്തതിനാൽ കവളപ്പാറ കോളനിക്കാർ കഴിഞ്ഞ രണ്ടു വർഷമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽത്തന്നെയാണ് കഴിയുന്നത്. എന്നാൽ സർക്കാർ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചതും കവളപ്പാറയിൽ ഉൾപ്പെടുന്നതുമായ പ്രദേശത്തെ 60 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ വൈകുകയാണ്. ഇതിൽ കവളപ്പാറ കോളനിക്കാരടക്കം 25 കുടുംബളെ പുനരധിവസിപ്പിക്കുതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ച് വരുന്നതായാണ് പുതിയ വിവരം. ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പേറി നിരവധി കുടുംബങ്ങൾ ദുരന്ത ഭൂമിയുടെ പരിസര പ്രദേശങ്ങളിൽ ഭീതിയോടെ ഇപ്പോഴും താമസിക്കുന്നുണ്ട്. കാലവർഷം ശക്തമാകുമ്പോൾ ഇവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റും. മഴയുടെ ശക്തി കുറയുമ്പോൾ തങ്ങളുടെ മണ്ണിലേക്കു തിരികെ വരികയും ചെയ്യും. ആയുഷ്‌ക്കാലം മുഴുവൻ മണ്ണിൽ അധ്വാനിച്ച് നേടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചു പോയെങ്കിലും അതിജീവനത്തിനായി മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതുകയാണ് മലയോര ജനത.

 

Latest News