Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ അറസ്റ്റില്‍; 150 പേര്‍ക്കെതിരെ കേസ്

ലാഹോര്‍- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 20 പേരെ അറസ്റ്റ് ചെയ്തു. 150ലേറെ പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിച്ഛായ തര്‍ത്ത ഈ സംഭവത്തില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടതിനു പിന്നാലെയാണ് അറസ്റ്റ്. ലഭ്യമായ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ക്ഷേത്രം പുനർനിർമിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിലെ റഹിംയാര്‍ ജില്ലയിലെ വിദൂര ക്ഷേ്ത്ര പട്ടണമായ ഭോങിലാണ് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് ക്ഷേത്രത്തിനു നേരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തിനും പ്രതിഷ്ഠയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രദേശത്തെ ഒരു മതപാഠശാലയില്‍ മൂത്രമൊഴിച്ചെന്ന് ആരോപണത്തില്‍ കോടതി എട്ടു വയസ്സുകാരനായ ഹിന്ദു ബാലന്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ക്ഷേത്രത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം നടന്നത്.
 

Latest News