Sorry, you need to enable JavaScript to visit this website.

വിവാഹവും വിവാഹമോചനവും മതേതരനിയമത്തിന്റെ അടിസ്ഥാനത്തിലാകണം- ഹൈക്കോടതി


കൊച്ചി - രാജ്യത്തെ വൈവാഹിക നിയമങ്ങൾ നവീകരിക്കേണ്ട സമയമായെന്നു ഹൈക്കോടതി. വിവാഹവും വിവാഹമോചനവും ഒരു മതേതരനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാര്യക്ക് വിവാഹ മോചനം നൽകിയ കുടുംബ കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് സമർപ്പിച്ച അപ്പീലിലാണ് കോടതി നിരീക്ഷണമുണ്ടായത്. എല്ലാവർക്കും യോജിക്കാൻ കഴിയുന്ന വിവാഹ നിയമങ്ങൾ ഇന്നിന്റെ ആവശ്യമാണെന്നു കോടതി വ്യക്തമാക്കി.
തെളിവില്ലാത്ത അവിഹിത ബന്ധം ആരോപിച്ചുളള വിവാഹ മോചന ഹരജികൾ മാനസിക പീഡനവും ഒരിക്കലും ദാമ്പത്യ ജീവിതം തിരിച്ചുപിടിക്കാൻ സാധ്യതയില്ലാത്തവയുമാണ്.

വിവാഹമോചനം നിഷേധിച്ചുകൊണ്ട് ജീവിത പങ്കാളിയുടെ ക്രൂരതകൾ സഹിച്ച് ജീവിക്കാൻ കോടതിക്ക് നിയമപരമായി അവകാശമില്ലെന്നും ഉത്തരവിൽ പറയുന്നു. നമ്മുടെ നിയമങ്ങൾ വിവാഹം മൂലമുള്ള നഷ്ടങ്ങളും അതിനു പരിഹാരം നിർദേശിക്കുന്നവയുമാണ്. ജീവിത പങ്കാളിയുടെ വൈവാഹികപരമായ ക്രൂരതയിൽ നിന്നുള്ള മോചനം ഭരണഘടനാപരമായ അവകാശമാണ്. വൈവാഹിക സ്വാതന്ത്ര്യം എന്നത് വൈവാഹിക സ്വകാര്യതയുമായി ഇഴചേർന്നു കിടക്കുന്നതാണ്. അതിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടാവുമ്പോൾ വിവാഹ ജീവിതത്തിന്റെ സ്വകാര്യത അവസാനിക്കും. 


ജീവിതപങ്കാളിയെ നിർബന്ധപൂർവം ലൈംഗിക വേഴ്ചയ്ക്കു വിധേയമാക്കുന്നതു നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് വിവാഹ മോചനത്തിനു മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി. സമ്പത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള ജീവിതപങ്കാളിയുടെ ആർത്തി ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരിക്കുന്നു എന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താമെന്നത് പാടില്ല. ഇത്തരം വൈവാഹിക പീഡനങ്ങൾ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മുകളിലുള്ള അതിക്രമമാണ്. 


ഇത്തരം കേസുകളിൽ വിവാഹമോചനം നിഷേധിച്ച് എന്നും ദുരിതം അനുഭവിക്കണമെന്ന് പറയാൻ കോടതികൾക്കാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളികൾ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടവരാണെന്നും കോടതി വ്യക്തമാക്കി. ആധുനിക നീതിശാസ്ത്ര പ്രകാരം ജീവിത പങ്കാളികളായവർ തുല്യനീതിക്ക് അർഹരാണ്. ഭർത്താവിന് ഏതെങ്കിലും തരത്തിലുള്ള മേൽക്കോയ്മാ അവകാശം ഭാര്യയുടെ മേൽ ഇല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

 

Latest News