മുസ്‌ലിം ലീഗിലെ പ്രതിസന്ധി: പ്രശ്‌നപരിഹാരത്തിന്  തിരക്കിട്ട ശ്രമം 


മലപ്പുറം - മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് കുടുംബാംഗവുമായ സയ്യിദ് മുഈനലി തങ്ങൾ നടത്തിയ വിമർശനത്തെ തുടർന്ന് പാർട്ടിയിൽ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കുന്നതിന് മുതിർന്ന നേതാക്കൾ ശ്രമം തുടങ്ങി. വിമർശനമുന്നയിച്ച മുഈനലി തങ്ങൾ ഉൾപ്പെടെ പാണക്കാട് കുടുംബാംഗങ്ങളുമായി ഇന്നലെ പാർട്ടി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തി. പാർട്ടി ദേശീയ വൈസ് പ്രസിഡന്റും മുതിർന്ന അംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. മുഈനലി തങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അനുനയിപ്പിക്കുന്നതിനാണ് നേതാക്കൾ ശ്രമിക്കുന്നത്.


മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ മുഈനലി കോഴിക്കോട് വാർത്താസമ്മേളനത്തിനിടെ പരസ്യമായി വിമർശനങ്ങൾ നടത്തിയത് പാർട്ടി നേതാക്കളെയും അണികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പാണക്കാട് കുടുംബത്തിൽനിന്ന് ഇത്തരത്തിലുള്ള കടുത്ത പരസ്യവിമർശനം ആദ്യമായതിനാൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നേതാക്കളും സ്തബ്ധരായി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തായിരുന്ന കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച രാത്രി മലപ്പുറത്ത് തിരിച്ചെത്തി.
ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് വിശദീകരിക്കാൻ അഡ്വ. മുഹമ്മദ് ഷാ വിളിച്ചു ചേർത്ത സമ്മേളനത്തിലാണ് അപ്രതീക്ഷിതമായി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുഞ്ഞിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയത്. വാർത്താസമ്മേളനത്തിനിടെ റാഫി എന്ന മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇടപെടുകയും മുഈനലി തങ്ങളെ അസഭ്യം പറയുകയും ചെയ്തു. 


ഈ രണ്ടു സംഭവങ്ങളും പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും പാർട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളുടെ പേരിൽ തന്റെ പിതാവും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങൾ മാനസിക സംഘർഷത്തിലായതിലുള്ള വികാരമാണ് മുഈനലി തങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചതെന്നാണ് പാണക്കാട് കുടുംബത്തിൽ നിന്നുതന്നെ നേതാക്കൾക്ക് ലഭിച്ച വിശദീകരണം. ചന്ദ്രികയിലെ കാര്യങ്ങൾ ശരിയായ രീതിയിൽ പഠിക്കാതെയാണ് മുഈനലി തങ്ങൾ വിമർശനം നടത്തുന്നതെന്ന് ചില പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. നേതാക്കൾക്കെതിരെ പരസ്യവിമർശനം നടത്തിയതിന് മുഈനലി തങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. 


കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി.ജലീൽ എം.എൽ.എ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളുടെ പേരിൽ വിമർശനം നടത്തിയതിന് പിന്നാലെ ഏതാണ്ട് അതേ രീതിയിലുള്ള ആരോപണവുമായി മുഈനലി തങ്ങൾ രംഗത്തുവന്നത് ലീഗ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ നടത്തുന്ന നീക്കങ്ങളിൽ പാണക്കാട് കുടുംബാംഗങ്ങൾ ഭാഗഭാക്കാവുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. മുഈനലി തങ്ങൾ മുമ്പും പാർട്ടി നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടു വർഷം മുമ്പ് രാജ്യസഭയിൽ മുത്തലാഖ് വിഷയത്തിൽ ചർച്ച നടന്നപ്പോൾ പങ്കെടുക്കാതിരുന്നതിന് പി.വി. അബ്ദുൾ വഹാബ് എം.പിക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു. ആ വിമർശനം പാർട്ടി പ്രവർത്തകരുടെ പൊതുവികാരത്തിനൊപ്പമായിരുന്നെങ്കിൽ ഇപ്പോൾ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചുള്ള വിമർശനങ്ങൾ പാർട്ടി പ്രവർത്തകർ പൂർണമായി ഉൾക്കൊള്ളുന്നില്ല.


പുതിയ പ്രശ്‌നത്തെ പാണക്കാട് കുടുംബാംഗങ്ങൾക്കിടയിലും സംഘടനാതലത്തിലും വെവ്വേറെ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താനാണ് നേതാക്കളുടെ ശ്രമം. കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച നടത്തുന്നതിന് ഇ.ടി.മുഹമ്മദ് ബഷീർ,പി.വി.അബ്ദുൾ വഹാബ്,സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് ശ്രമം നടത്തുന്നത്. ഈ യോഗത്തിന് ശേഷം മാത്രമായിരിക്കും വിവാദ വിഷയങ്ങൾ സംഘടനാ തലത്തിൽ ചർച്ച ചെയ്യുന്നത്.


ഹൈദരലി ശിഹാബ് തങ്ങൾ രോഗബാധിതനായി കോഴിക്കോട്ടെ ആശുപത്രിയിൽ കഴിയുന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കില്ല ചർച്ചകൾ. അതേസമയം ഹൈദരലി തങ്ങളുടെ കൂടി അഭിപ്രായവും ഉപദേശവും കേട്ടശേഷമായിരിക്കും ചർച്ചകൾ മുന്നോട്ടുപോകുന്നത്. ഇന്ന് പാണക്കാട് കുടുംബാംഗങ്ങളുടേതു മാത്രമായി യോഗം നടക്കുമെന്നും സൂചനയുണ്ട്.
മുഈനലി ഉന്നയിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയിലും പാണക്കാട് കുടുംബത്തിലും ഈ വിഷയം ചർച്ച ചെയ്യും. ഹൈദരലി തങ്ങളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനങ്ങളുണ്ടാകുകയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Latest News