Sorry, you need to enable JavaScript to visit this website.

നേട്ടം കൈവരിക്കാൻ ഏഴു ശീലങ്ങൾ

ജീവിതത്തിൽ നാമെല്ലാവരും മികച്ചവരാകണണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചിലർ മാത്രം മികച്ചവരാകുന്നു. പലരും മികച്ചവരാകുന്നില്ല. എന്തായിരിക്കും  ഇതിന് കാരണമെന്നന്വേഷിക്കുമ്പോൾ നാം എത്തിച്ചേരുന്നത് പ്രശസ്ത അമേരിക്കൻ ഗ്രന്ഥകാരനും മോട്ടിവേഷനൽ സ്പീക്കറും  ബിസിനസുകാരനുമൊക്കെയായിരുന്ന സ്റ്റീഫൻ കോവേയുടെ seven habits of highly effective people എന്ന കൃതിയിലാകാം. ഏറ്റവും മികച്ചവരും കാര്യക്ഷമരുമായവരുടെ 7 ശീലങ്ങൾ എന്ന വിശ്രുതമായ ഗ്രന്ഥം 75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികളാണ് ഇതിനകം വിറ്റഴിഞ്ഞത്. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ  ഗ്രന്ഥം കോർപറേറ്റ് ട്രെയിനർമാരുടേയും മോട്ടിവേഷണൽ സ്പീക്കർമാരുടേയും പ്രധാന റഫറൻസ് ഗ്രന്ഥമാണ്. മലയാളത്തിൽ ഡി.സി. ബുക്‌സാണ് പുസ്തകത്തിന്റെ മനോഹരമായ പരിഭാഷ ലഭ്യമാക്കിയിരിക്കുന്നത്. സൗകര്യപ്പെടുന്നവരൊക്കെ ആ കൃതി മനസ്സിരുത്തി വായിക്കണമെന്ന് ആദ്യമേ നിർദേശിക്കട്ടെ.

കാലത്തിനനുസരിച്ച് മാറാനും ലക്ഷ്യത്തിലേക്ക് കുതിക്കാനും തയാറാകുന്നവരാണ് വിജയം കൈവരിക്കുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പാലിക്കുകയും പകർത്തുകയും ചെയ്യേണ്ട പ്രായോഗിക നിർദേശങ്ങളും ചിന്തകളും ഈ പുസ്തകത്തിലുടനീളം കാണാം. ഒറ്റ വായനയിൽ കാര്യങ്ങൾ ശരിയാംവണ്ണം പിടികിട്ടിയേക്കില്ലെങ്കിലും സൂക്ഷ്മമായ വായനയിൽ ജീവിതം തന്നെ ക്രിയാത്മകമായി മാറ്റുന്ന ഒരു മാർഗരേഖയായി  അത് നമുക്ക് അനുഭവപ്പെടും. 

മനുഷ്യ ജീവിതത്തിൽ  ഇഛക്കും സാക്ഷാത്കാരത്തിനുമിടയിലെ ഏഴ് പടവുകൾ  സവിസ്തരം പ്രതിപാദിപ്പിക്കുന്ന  സെവൻ ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്റ്റീവ് പീപ്പിൾ എന്ന പുസ്തകം വായനക്കാരന്റെ ചിന്തയേയും കാഴ്ചപ്പാടിനേയും മാറ്റിമറിക്കുന്നതാണ്. പ്രശ്‌നങ്ങളുടേയും പ്രതിസന്ധികളുടേയും ലോകത്ത്  വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും തത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പിക്കുന്നുവെന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. 

തുളച്ചുകയറുന്ന ഉൾക്കാഴ്ചകളും ലക്ഷ്യം വെച്ചുള്ള സംഭവ കഥകളും കൊണ്ട് സത്യസന്ധതയോടെയും സ്വഭാവ ദാർഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കാണിച്ചുതരുന്നുവെന്നതാകും പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. 1989 ൽ പുറത്തിറങ്ങിയത് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ചിന്താവിപഌവത്തിന്റെ ഓളങ്ങൾ സൃഷ്ടിച്ച ഈ കൃതി ഇന്നും  മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നുവെന്നത് അതിന്റെ പ്രായോഗികവും താത്വികവുമായ പ്രസക്തിയാണ് അടയാളപ്പെടുത്തുന്നത്.  

സ്റ്റീവൻ കോവേ മികച്ചവരുടെ 7 ശീലങ്ങളായി പരിചയപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. be pro active അഥവാ പരപ്രേരണ കൂടാതെ കർമ രംഗത്ത് സജീവമാവുക. പ്രതികരണ സജ്ജമായി സജീവമാകുമ്പോൾ സ്വന്തമായ നയങ്ങളും നിലപാടുകളുമുണ്ടാകും. there is a  reason behind every success (ഓരോ വിജയത്തിനു പിന്നിലും ഒരു കാരണമുണ്ട് എന്നാണ് പറയാറുള്ളത്).  

 ജീവിതത്തിൽ രണ്ട് തരം ആളുകളെ കാണാം. re active ആയവരും pro atcive ആയവരും. ആദ്യത്തെ വിഭാഗം അതത് സന്ദർഭങ്ങളിലെ വൈകാരിക തലമനുസരിച്ചാണ് കാര്യങ്ങളോട് പ്രതികരിക്കുക. വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും അപകടം സൃഷ്ടിച്ചേക്കും. എടുത്തുചാട്ടവും അപക്വമായ തീരുമാനങ്ങളുമൊക്കെയുണ്ടാകുന്നതാണ് വൈകാരികമായ പ്രതികരണങ്ങൾ. എന്നാൽ pro active ആയ ആളുകൾ അവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ജീവിത മൂല്യങ്ങൾക്കും നിലപാടുകൾക്കും പരിഗണന നൽകുന്ന തീരുമാനങ്ങളാണെടുക്കുക. കാര്യകാരണ സഹിതം വിഷയങ്ങൾ അപഗ്രഥിച്ച്  അവരെടുക്കുന്ന തീരുമാനങ്ങൾ യുക്തവും ഭദ്രവുമായിരിക്കും. സ്വന്തം കഴിവിന്റെ പരിധിയിൽ പെടാത്ത കാര്യങ്ങളെക്കുറിച്ച് ആവലാതിപ്പെടാതെ തന്റെ നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങൾ കൈകാര്യം ചെയ്താണ് ജീവിതം ക്രിയാത്മകമാക്കേണ്ടത്. മികച്ച തീരുമാനങ്ങളാണ് മികച്ച വ്യക്തികളെ സൃഷ്ടിക്കുന്നത്.

2. begin with the end in mind . എന്തു കാര്യത്തിന്റേയും അന്തിമ ഫലം മനസ്സിൽ കണ്ട് തുടങ്ങുകയെന്നതാണ് മികച്ച വ്യക്തികളുടെ രണ്ടാമത്തെ ശീലം. ഭാവി പരിപാടികളെക്കുറിച്ചും എത്തിപ്പിടിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണ വേണം. ലക്ഷ്യബോധവും ലക്ഷ്യം നേടുമ്പോഴുണ്ടാകുന്ന സംതൃപ്തിയും കർമ രംഗത്ത് ഏറെ പ്രചോദനം നൽകുന്നതാണ്. കർമപഥത്തിൽ മുന്നേറുമ്പോൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും അവ മറികടക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചുമൊക്കെ ഈ കൂട്ടർക്ക് നല്ല ധാരണയുണ്ടാകും. വിഷ്വലൈസേനും അഫർമേഷനുമൊക്കെ ലക്ഷ്യത്തിലേക്കുള്ള ഓരോ പടികളും എളുപ്പമാക്കുമെന്നതിനാൽ ക്രിയാത്മക നിലപാടുകളും സമീപനങ്ങളും ഇക്കൂട്ടരുടെ പ്രത്യേകതയാകും.  

 

3. put first things first അഥവാ മുൻഗണനാ ക്രമമുണ്ടാവുകയെന്നതാണ് മികച്ചവരുടെ മൂന്നാമത്തെ ശീലം. ജീവിതത്തിൽ നിരവധി കാര്യങ്ങളുണ്ടാകാം. എല്ലാം ഒരു പുരുഷായുസ്സിൽ ചെയ്തു തീർക്കുവാൻ പറ്റിയെന്നുവരില്ല. എന്നാൽ അവയിൽ പ്രധാനപ്പെട്ടവ എന്താണണെന്ന്  കണ്ടെത്തുകയും മുൻഗണനാടിസ്ഥാത്തിൽ പൂർത്തീകരിക്കുകയും ചെയ്യുന്നവരാണ് വിജയിക്കുക. പലപ്പോഴും പിന്നത്തേക്ക്  മാറ്റിവെക്കാനും ക്രമേണ ചെയ്യാതിരിക്കാനുമൊക്കെ ചിലർ ശ്രമിക്കാറുണ്ട്.  ഇവർക്കൊരിക്കലും സുപ്രധാനായ കാര്യങ്ങൾ സമയ ബന്ധിതമായി ചെയ്തുതീർക്കാനാവില്ല. അപ്രധാനമായ കാര്യങ്ങളിൽ മുഴുകി പ്രധാനപ്പെട്ട കാര്യങ്ങളെ നഷ്ടപ്പെടുത്തുന്നവരാണിവർ. പ്രധാനപ്പെട്ടതിനെ പ്രധാനപ്പെട്ടതായി കാണുകയെന്നതാണ് പ്രധാനം എന്നാണ് ഇത് സംബന്ധിച്ച് അദ്ദേഹം പറയുന്നത്.  

 

4. think win win  കിടമൽസരത്തിന്റെ ലോകത്ത് ജീവിക്കുമ്പോൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നവരുണ്ട്.  വിൻ - ലൂസ് എന്നതാണ് ആദ്യത്തെ വിഭാഗം. എനിക്ക് വിജയിക്കണമെങ്കിൽ മറ്റുള്ളവർ പരാജയപ്പെടണം എന്നതാണ് ഈ നിലപാട്.  ലൂസ് - വിൻ എന്നതാണ് രണ്ടാമത്തെ കൂട്ടർ. ഞാനെന്ത് ചെയ്താലും പരാജയപ്പെടും. മറ്റുള്ളവരാണ് വിജയിക്കുക എന്ന ആത്മവിശ്വാസക്കുറവുള്ള വിഭാഗമാണിത്. ലൂസ് - ലൂസ് എന്ന വിഭാഗമാകട്ടെ വ്യവസ്ഥിതിയേയും ലോകത്തേയും കുറ്റപ്പെടുത്താനാണ് ശ്രമിക്കുക. സാഹചര്യം ശരിയല്ല, ലോകം ശരിയല്ല അതിനാൽ ഒന്നും ശരിയാവുകയില്ല, അശുഭ ചിന്തയിലാണ് ഇക്കൂട്ടരെത്തുക. എന്നാൽ മികച്ച ആളുകൾ വിൻ വിൻ ചിന്തയുടെ പ്രയോക്താക്കളായിരിക്കും. എനിക്ക് വിജയിക്കണം, മറ്റുള്ളവർക്കും വിജയിക്കണം. സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയുമൊക്കെ വളർത്തുന്ന ഇക്കൂട്ടർ സൃഷ്ടിക്കുന്ന പോസിറ്റിവ് എനർജി സമൂഹത്തിന്റെ മികച്ച വളർച്ചക്ക് വഴിയൊരുക്കും. 

 

5. seek first to understand then to be understood. മറ്റുള്ളവരെ അവരുടെ സാഹചര്യത്തിൽ മനസ്സിലാക്കണമെന്നാണ് സ്റ്റീഫൻ കോവേ പറയുന്നത്. മറ്റുള്ളവർക്ക് പറയാനുള്ളത് അനുതാപത്തോടെ കേൾക്കുകയെന്നത് വലിയ ഗുണമാണ്. പലപ്പോഴും മനുഷ്യൻ കടന്നുപോകുന്ന സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമൊക്കെ അവരുടെ നിലപാടുകളെ സ്വാധീനിച്ചേക്കാം. അതിനാൽ അവരുടെ സാഹചര്യത്തിൽ അവരെ മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. 

6. സിനർജൈസ് അഥവാ എല്ലാ കഴിവുകളേയും സംയോജിപ്പിക്കുകയെന്നതാണ് മികച്ചവരുടെ ആറാമത്തെ ശീലം. എല്ലാ കാര്യങ്ങളും  ഒരാൾക്ക് ഒറ്റക്ക്  വിജയകരമായി ചെയ്തുതീർക്കാനായെന്ന് വരില്ല. അതിനാൽ ആവശ്യമായ എല്ലാ ഘടകങ്ങളേയും സംയോജിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ് . 

7. sharpen the saw അഥവാ ആയുധം മൂർച്ച കൂട്ടുക എന്നതാണ് ഏഴാമത്തെ ശീലം. സ്വയം പരിവർത്തനത്തിന് തയാറാവുകയും ആവശ്യമായ കഴിവുകൾ ആർജിക്കുകയും ചെയ്താണ് കർമ രംഗത്ത് മുന്നേറേണ്ടത്. തലമുറകളെ പ്രചോദിപ്പിക്കുന്ന ഇത്തരം ചിന്തകളും വിശകലനങ്ങളും അവഗണിക്കാനാവാത്ത വിജയമന്ത്രങ്ങളാണെന്ന്  നാം തിരിച്ചറിയുക.    

Latest News