പത്തനംതിട്ടയില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരില്‍ രോഗവ്യാപനം കൂടുതലെന്ന് കേന്ദ്രം

പത്തനംതിട്ട- ജില്ലയില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ രോഗവ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെല്‍റ്റ വകഭേദം ഉള്‍പ്പടെ വ്യാപിക്കുന്നതിനാലാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

ജില്ലയില്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടും രോഗബാധിതരായവരുടെ എണ്ണം 7000 കടന്നു. ഇതില്‍ 258 പേര്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് രോഗബാധിതരായത്. അതേസമയം സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ കണക്ക് അനുസരിച്ച് 5042 പേര്‍ക്കാണ് രണ്ട് ഡോസ് സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗം ബാധിച്ചത് 14,000ല്‍ അധികം പേര്‍ക്കാണ്. ഇതില്‍ 4490 പേര്‍ വാക്‌സിനെടുത്ത് 15 ദിവസം പിന്നിട്ട ശേഷമാണ് രോഗബാധിതരായത്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാനെത്തിയ ആറംഗ സംഘമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ വിതരണത്തില്‍ പിഴവ് സംഭവിച്ചോ എന്നതുള്‍പ്പെടെ പഠനവിധേയമാക്കാനും കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം കോവിഡ് രണ്ട് ഡോസും സ്വീകരിച്ചിട്ടും കോവിഡ് ബാധിതരായവരിലെ മരണസംഖ്യ കുറവാണ്. 258 പേര്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടശേഷവും കോവിഡ് ബാധിതരായെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് മരിച്ചത്. അതില്‍ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരും പ്രായമായവരുമാണ് മരണപ്പെട്ടത്.

വാക്‌സിനെടുത്ത ശേഷവും രോഗബാധിതരാകുന്നവരുടെ പട്ടിക സംബന്ധിച്ച് കേരളത്തില്‍ ഔദ്യോഗിക പഠനം നടന്നിട്ടുള്ളത് പത്തനംതിട്ടയില്‍ മാത്രമാണ്. മറ്റ് ജില്ലകളില്‍കൂടി സമാനമായ പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

 

Latest News