ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി തേടി അമേരിക്കന്‍ മരുന്നു കമ്പനി ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് വാക്‌സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഡ്രഗ്സ് കണ്‍ട്രോളറിന് നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യയില്‍ ജാന്‍സെന്‍ വാക്‌സിന്റെ പരീക്ഷണത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഏപ്രിലില്‍ അനുമതി തേടിയിരുന്നു. ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മരുന്ന് കമ്പനികളായ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി കമ്പനികളുമായി ചര്‍ച്ച തുടരുകയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
അതിനിടെ, കോവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാക്സ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കി. ജൂണില്‍ കോവിഡിനെതിരെ വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നോവാവാക്സ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സിറമാണ്. ഇന്ത്യക്ക് പുറമേ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടി നോവാവാക്സ് സമീപിച്ചിട്ടുണ്ട്.
നോവാ വാക്സ് എന്ന പേരിലുള്ള വാക്സിന്‍ രണ്ടു ഡോസായാണ് നല്‍കേണ്ടത്. കൊറോണ വൈറസിനെ പൊതിഞ്ഞുള്ള സ്പൈക് പ്രോട്ടീന്‍ ലാബില്‍ നിര്‍മ്മിച്ചാണ് വാക്സിന്‍ വികസിപ്പിച്ചത്. ജനിതകമായ വിവരങ്ങള്‍ ശരീരത്തിന് കൈമാറി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന രീതിയാണ് ഇതിന്റെ സാങ്കേതികവിദ്യ. സ്പൈക് പ്രോട്ടീന്‍ നിര്‍മ്മിച്ചാണ് കോവിഡിനെ വാക്സിന്‍ പ്രതിരോധിക്കുന്നത്.
ലോകത്ത് പടര്‍ന്നു കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിനെതിരെ ഇത് ഫലപ്രദമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാം ഡോസ് നല്‍കി ആറുമാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ്‌കൂടി നല്‍കിയാല്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കും. വൈറസിനെതിരെ പൊരുതുന്ന ആന്റിബോഡികളെ കരുത്തുറ്റത്താക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.