ജിദ്ദ - സൗദി അറേബ്യക്കുനേരെ യെമനിലെ ഹൂത്തികള്‍ തുടരുന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ വിദേശ മന്ത്രിമാര്‍ ഞായറാഴ്ച അടിയന്തര യോഗം ചേരും.
നജ്‌റാനുനേരെ ഹൂത്തികള്‍ കഴിഞ്ഞ ദിവസം തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. മിസൈല്‍ തകര്‍ത്തതു മൂലമുള്ള ഉഗ്രശബ്ദം നഗരവാസികളെ പരിഭ്രാന്തരാക്കിയിരുന്നു. രണ്ടു ദിവസം മുമ്പ് ജിസാനു നേരെ ഹൂത്തികള്‍ തൊടുത്ത മിസൈലും സൗദി സൈന്യം തകര്‍ത്തിരുന്നു.
സൗദി അറേബ്യയുടെ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഒ.ഐ.സി യോഗം ചേരുന്നത്. വിദേശ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി കരടു പ്രഖ്യാപനം തയാറാക്കുന്നതിന് ഒ.ഐ.സി അംഗ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗം ചേരും.
വിദേശ മന്ത്രിമാരുടെ യോഗത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പ്രസംഗിക്കും. സൗദി അറേബ്യക്കു നേരെ ഹൂത്തി മിലീഷ്യകള്‍ തുടരുന്ന ആക്രമണങ്ങളില്‍ സംഘടനയുടെ നിലപാട് സെക്രട്ടറി ജനറല്‍ വിശദീകരിക്കും. ഒ.ഐ.സി വിദേശ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് യെമനിലെ രാഷ്ട്രീയ, സുരക്ഷാ, മാനുഷിക സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിന് യെമന്‍ മിനിസ്റ്റീരിയല്‍ കോണ്‍ടാക്ട് ഗ്രൂപ്പും യോഗം ചേരും.
സൗദി അറേബ്യക്കെതിരെ ഹൂത്തികള്‍ 80 തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനം 2016 ഒക്‌ടോബര്‍ 28 ന് മക്ക ലക്ഷ്യമാക്കി നടത്തിയ ആക്രമണമായിരുന്നു. മക്കക്ക് 65 കിലോമീറ്റര്‍ ദൂരെ വെച്ചാണ് അന്ന് സൈന്യം മിസൈല്‍ തകര്‍ത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് റിയാദിനു നേരെ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 19 നും നവംബര്‍ നാലിനും റിയാദിനു നേരെ മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായി. നവംബര്‍ നാലിന് റിയാദ് എയര്‍പോര്‍ട്ടിനും ഡിസംബര്‍ 19 ന് റിയാദ് അല്‍യെമാമ കൊട്ടാരവും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനാണ് ഹൂത്തികള്‍ ശ്രമിച്ചത്. എന്നാല്‍ ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി മിസൈലുകള്‍ സൗദി സൈന്യം തകര്‍ക്കുകയായിരുന്നു.
യു.എന്‍ രക്ഷാ സമിതി തീരുമാനങ്ങള്‍ നഗ്നമായി ലംഘിച്ച് ഹൂത്തി മിലീഷ്യകള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് തുടരുന്നതിന് തെളിവാണ് മിസൈല്‍ ആക്രമണങ്ങളെന്ന് സഖ്യസേന പറയുന്നു. സൗദി അറേബ്യക്കും മേഖലാ, ആഗോള സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നതിനാണ് ഹൂത്തികള്‍ ശ്രമിക്കുന്നത്. നഗരങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും എതിരായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ഹൂത്തികള്‍ക്ക് വിതരണം ചെയ്യുന്ന ഇറാനെ നിലക്ക് നിര്‍ത്തുന്നതിനും മേഖലാ, ആഗോള സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന ഇറാനോട് കണക്കു ചോദിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഖ്യസേന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 19 ന് റിയാദ് എയര്‍പോര്‍ട്ടിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമമുണ്ടായതിനു പിന്നാലെ യെമന്‍ തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും സഖ്യസേന അടച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും വീണ്ടും തുറന്നത്. ചെങ്കടല്‍ തീരത്തെ അല്‍ഹുദൈദ തുറമുഖം വഴിയാണ് ഹൂത്തികള്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ എത്തിക്കുന്നതെന്ന് സഖ്യസേന പറയുന്നു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഈ തുറമുഖം യു.എന്‍ മേല്‍നോട്ടത്തിനു കീഴിലാക്കണമെന്ന് ദീര്‍ഘകാലമായി സൗദി അറേബ്യയും സഖ്യസേനയും ആവശ്യപ്പെട്ടുവരികയാണ്.






