Sorry, you need to enable JavaScript to visit this website.

അഗ്രിക്കൾച്ചർ എൻട്രൻസിന് ഓഗസ്റ്റ്  20 വരെ അപേക്ഷ സമർപ്പിക്കാം

ഇന്ത്യയിലെ കാർഷിക പഠന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന  ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ ആൻഡ് റിസർച്ച് നടത്തുന്ന ബിരുദ  പ്രവേശന പരീക്ഷക്ക് (ICAR0AIEEA (UG)) പ്ലസ് ടു കഴിഞ്ഞവർക്ക്  അപേക്ഷിക്കാം. കേരളത്തിലടക്കമുള്ള കാർഷിക സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലെ നിശ്ചിത സീറ്റുകളിലേക്കും  ഝാൻസി, കർണാൽ, പുസ എന്നിടങ്ങളിലുള്ള  കേന്ദ്ര സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഉള്ള  പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്. നാഷനൽ  ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. രണ്ടര മണിക്കൂർ ദൗർഘ്യമുള്ള പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. പി.ജി, പിഎച്ച്.ഡി  കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിനും പ്രത്യേകം പരീക്ഷകളുണ്ട്.
സെപ്റ്റംബർ 7, 8, 13 തീയതികളിൽ  നടക്കുന്ന പരീക്ഷക്ക് കേരളത്തിൽ  13 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരള സർവകലാശാലയുടെ കീഴിൽ വെള്ളയാനി (തിരുവനന്തപുരം), വെള്ളാനിക്കര (തൃശൂർ), കാസർകോട് എന്നിവിടങ്ങളിലെ കാർഷിക കോളേജുകളിൽ നടക്കുന്ന  ബി.എസ്‌സി (ഹോണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സുകൾക്ക് പുറമെ  കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന  കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ബാച്ചിലർ ഇൻ ഫിഷറീസ് സയൻസ്, കാർഷിക സർവകലാശാലയുടെ കീഴിൽ നടക്കുന്ന ബി.ടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി ബി.എസ്‌സി (ഹോണേഴ്‌സ്) ഫോറസ്ട്രി, കേരള  വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ  ഭാഗമായി നടത്തുന്ന ബി.ടെക് ഡയറി ടെക്‌നോളജി   എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ICAR-AIEEA(UG) പരീക്ഷ  ഒരു മാനദന്ധമാണ്. പ്രവേശന പരീക്ഷയുടെ പരിധിയിൽ വരുന്ന മറ്റു സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും വിശദവിവരങ്ങൾ, ഓരോ കോഴ്‌സിനും അപേക്ഷ സമർപ്പിക്കാൻ +2 തലത്തിൽ പഠിക്കേണ്ട വിഷയങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ  വെബ്‌സൈറ്റിലുണ്ട്. ഓഗസ്റ്റ് 20 വരെ ഓൺലൈനായി https://icar.nta.ac.in/, www.nta.ac.in  എന്നീ  വെബ്‌സൈറ്റുകൾ   വഴി അപേക്ഷ സമർപ്പിക്കാം.

ഹൈദരാബാദ് നൽസറിൽ ഇന്റഗ്രേറ്റഡ് എം.ബി.എ 
രാജ്യത്തെ പ്രമുഖ നിയമ പഠന കേന്ദ്രമായ ഹൈദരാബാദിലെ നൽസർ യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റ് പഠന രംഗത്ത് നടത്തുന്ന സവിശേഷമായ പ്രോഗ്രാമായ പഞ്ചവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ മാനേജ്‌മെന്റിന് ഓഗസ്റ്റ് 15 വരെ അപേക്ഷ സമർപ്പിക്കാം. അഞ്ച് വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ബിബിഎ, എം.ബി.എ എന്നീ യോഗ്യതകൾ നേടാം. 60  ശതമാനം മാർക്കോടെ (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 50 ശതമാനം)  പ്ലസ് ടു പരീക്ഷ വിജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രത്യേക പ്രവേശന പരീക്ഷ ഇല്ലെങ്കിലും  CLAT(2021)/ IPMAT(2021)/JIPMAT (2021)/JEE (2021) എന്നിവയിൽ ഏതെങ്കിലുമൊന്നിലുള്ള  പ്രകടനം, 10, 12 ക്‌ളാസുകളിലെ അക്കാദമിക മികവ്, വ്യക്തിഗത ഇന്റർവ്യൂവിലെ മികവ് എന്നിവ പരിഗണിച്ചാണ്  പ്രവേശനം ലഭിക്കുക. പ്രതിവർഷം മൂന്ന് ലക്ഷം രൂപയിലധികം  പഠനച്ചെലവ് വരുമെങ്കിലും സമർത്ഥരും നിർധനരുമായ വിദ്യാർഥികൾക്ക് ഫീസ് ഇളവും സ്‌കോളർഷിപ്പും ലഭിക്കാനുമുള്ള സാധ്യതകളുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://doms.nalsar.ac.in/ipm/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഓട്ടോണമസ് കോളേജുകളിലെ ബിരുദ പ്രവേശനം
+2 കഴിഞ്ഞതിന് ശേഷം ബിരുദ പ്രവേശനത്തിന് സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സർവകലാശാലകളുടെ കേന്ദ്രീകൃത പ്രവേശന നടപടിക്രമങ്ങളുടെ ഭാഗമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ കാലിക്കറ്റ്, എംജി, കേരള സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത അക്കാദമിക സ്വയംഭരണ പദവിയുള്ള  ഓട്ടോണമസ് കോളേജുകളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലാണ് അപേക്ഷിക്കേണ്ടത്.
അതത് കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താൽപര്യമുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും ശ്രദ്ധിക്കുക

കേരളത്തിലെ ഓട്ടോണമസ്  കോളേജുകൾ  

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തവ
1. സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട് (https://www.devagiricollege.org/)
2.  ഫാറൂഖ് കോളേജ്, കോഴിക്കോട് (https://www.farookcollege.ac.in/)
3. എം.ഇ.എസ് കോളേജ്, മമ്പാട്, മലപ്പുറം  (https://mesmampadcollege.edu.in/)
4.  സെന്റ് തോമസ് കോളേജ്, തൃശൂർ (https://stthomas.ac.in/)
5. ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട, തൃശൂർ (https://christcollegeijk.edu.in/)
6. സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട, തൃശൂർ (https://www.stjosephs.edu.in/)
7. വിമല കോളേജ്, തൃശൂർ (http://www.vimalacollege.edu.in/)

എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തവ
8. മഹാരാജാസ് കോളേജ്, എറണാകുളം (https://maharajas.ac.in/)
9. സെന്റ് തെരേസാസ് കോളേജ്, എറണാകുളം (https://teresas.ac.in/)
10. സെന്റ് ആൽബർട്‌സ് കോളേജ്, എറണാകുളം (https://www.alberts.edu.in/)
11. സേക്രഡ് ഹാർട്ട് കോളേജ്, തേവര (https://www.shcollege.ac.in/)
12.രാജഗിരി കോളേജ്, കളമശ്ശേരി (https://rajagiri.edu/)
13. മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം (http://www.macollege.in/)
14. എസ്.ബി കോളേജ് ചങ്ങനാശ്ശേരി (https://sbcollege.ac.in/)
15. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി (https://assumptioncollege.in/)
16. സി.എം.എസ് കോളേജ്, കോട്ടയം (https://cmscollege.ac.in/)
17. മരിയൻ കോളേജ്, കുട്ടിക്കാനം (https://www.mariancollege.org/)

കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തവ
18. ഫാത്തിമാ മാതാ നാഷനൽ കോളേജ്, കൊല്ലം (https://fmnc.ac.in)
19. മാർ ഇവാനിയോസ് കോളേജ്, തിരുവന്തപുരം (https://www.marivanioscollege.com/)

സർവകലാശാലകളിലെ  ബിരുദ കോഴ്‌സിന് അപേക്ഷ സമർപ്പിക്കാം
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in/ വഴി ഓഗസറ്റ് 17 വരെ അപേക്ഷിക്കാം. സഹായങ്ങൾക്ക് 8281883052, 8281883053. 9188524610 (വാട്‌സാപ്). എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
മഹാത്മാഗാന്ധി സർകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ  ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലേക്ക് ഏകജാലക സംവിധാനം വഴി  ഓഗസ്റ്റ് 13 വരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം. പഞ്ചവർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വെബ്‌സൈറ്റ്: https://cap.mgu.ac.in/. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസ്, നിർദേശങ്ങൾ, FAQ, വീഡിയോ ഡെമോ എന്നിവ കൃത്യമായി വായിച്ച് മനസ്സിലാക്കി ഓൺലൈൻ അപേക്ഷക്കാവശ്യമായ തയാറെടുപ്പുകൾ നടത്തുന്നത് ഉചിതമായിരിക്കും .
കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രവേശനത്തിനും മറ്റു വിശദാംശങ്ങൾക്കും അതത് സർവകലാശാലകളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. 

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേ്ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം.  കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളിടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ [email protected]  എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.


 

Latest News