Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാന അപകടത്തിന് നാളെ ഒരുവർഷം, അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാതെ കേന്ദ്രം

കൊണ്ടോട്ടി- കരിപ്പൂർ വിമാനപകടത്തിന് നാളേക്ക് ഒരുവർഷം പൂർത്തിയാകുമ്പോൾ അന്വേഷണ റിപ്പോർട്ട് പുറം ലോകം കണ്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ഓടെയാണ് ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംഗ് പിഴച്ച് റൺവേയുടെ കിഴക്ക് ഭാഗത്തെ 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. സംഭവ ദിവസം രണ്ട് വിമാന പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയിലുള്ള രണ്ട് യാത്രക്കാർ കൂടി മരിച്ചു. 92 പേർക്ക് ഗുരുതര പരിക്കും, 73 പേർക്ക് നിസ്സാര പരിക്കുമേറ്റിരുന്നു. 50 ലേറെ പേർ ഇപ്പോഴും ചികിത്സയിൽ തന്നെയാണ്. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.


    അപകടം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ ക്യാപ്റ്റൻ എസ്.എസ്. ചൗഹാന്റെ നേതൃത്വത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) യിലെ അഞ്ച് അംഗ സംഘത്തെ കേന്ദ്രസർക്കാർ അന്വേഷണത്തിന് നിയമിച്ചിരുന്നു. അഞ്ച് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ തുടരന്വേഷണം വഴിമുട്ടിയതോടെ കഴിഞ്ഞ മാർച്ച് 13 വരെ നീട്ടി നൽകി. എന്നാൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.  


  സംഭവ ദിവസം വിമാനം റൺവേയുടെ നിശ്ചത രേഖയിൽനിന്നും 1300 അടിയോളം മുന്നോട്ട് നീങ്ങിയാണ് ലാൻഡ് ചെയ്തതെന്ന് കണ്ടെത്തിയത്. റൺവേ 28-ൽ ലാൻഡ് ചെയ്യുന്നതിന് പകരം റൺവേ 10 ആണ് വൈമാനികൻ തെരഞ്ഞെടുത്തത്. ചാറ്റൽ മഴയിൽ നിശ്ചിത റൺവെ നേർരേഖയിൽനിന്ന് 1200 മീറ്റർ മുന്നോട്ട് ഓവർഷൂട്ട് ചെയ്താണ് വിമാനം ലാന്റ് ചെയ്തതെന്നാണ് പ്രാഥമിക നിമഗമനം. റൺവേയുടെ അറ്റങ്ങളിൽ സ്ഥാപിച്ച ഐ.എൽ.എസ് ആന്റിനകൾ തകർത്താണ് 35 അടി താഴ്ചയിലേക്ക് വിമാനം കൂപ്പ്കുത്തിയത്.


    അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും അർഹതപ്പെട്ട ഇൻഷുറൻസ് തുകയും കേന്ദ്ര-സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിരുന്നു. 80 പേർക്ക് ഏഴ് കോടിക്കു മുകളിൽ നൽകിയതായും രണ്ട് ലക്ഷം രൂപ വീതം  ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയിൽ ഇടക്കാല ആശ്വാസമായി എയർ ഇന്ത്യ നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 30 പേർ ഹൈക്കോടതിയിലും, 20 ലധികം പേർ അമേരിക്കൻ കോടതിയിലും, 27 പേർ ദുബായിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്.


 

Latest News