ശ്രീനഗര്- ജമ്മു, സാംബ ജില്ലകളിലെ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ടു നടത്തിയ കനത്ത ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് അതിർത്തി സേനയായ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് ആണ് കനത്ത വെടിവയ്പ്പ് ആക്രമണം നടത്തിയതെന്ന് മുതിർന്ന ബിഎസ്ഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആർ എസ് പുര, അർണിയ, റാംഘഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ സേന തക്കസമയത്തു തന്നെ തിരിച്ചടിച്ചു.
അതിർത്തി ഗ്രാമമായ കൊറോട്ടാന സ്വദേശികളായ ബച്‌നു ദേവി (50), സാഹിൽ കുമാർ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അതിർത്തിക്കു സമീപം നാലു കിലോമീറ്റർ പരിധിക്കുള്ളിലെ എല്ലാ സ്‌കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. ആക്രമണ ഭീതി മൂലം അതിർത്തി ഗ്രാമങ്ങളിൽ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല. 40ഓളം അതിർത്തി ഗ്രാമങ്ങളേയും ജനവാസ മേഖലകളേയും ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ പുതിയ ആക്രമണം.






