അഫ്ഗാന്‍ ചര്‍ച്ചയ്ക്ക് യുഎസിനും ചൈനയ്ക്കും പാക്കിസ്ഥാനും റഷ്യയുടെ ക്ഷണം; ഇന്ത്യയെ മാറ്റി നിര്‍ത്തി

ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യ വിളിച്ചു ചേര്‍ക്കുന്ന സുപ്രധാന യോഗത്തിലേക്ക് യുഎസ്, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ ഇന്ത്യയെ മാറ്റി നിര്‍ത്തിയതായി റിപോര്‍ട്ട്. അഫ്ഗാനില്‍ താലിബാന്‍ വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ട് മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് റഷ്യയുടെ നേതൃത്വത്തില്‍ പുതിയ ഇടപെടല്‍. എത്രയും വേഗം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിക്കാനായി അഫ്ഗാനിലെ കാര്യങ്ങളില്‍ നേരിട്ട് പങ്കുള്ള രാജ്യങ്ങളെ റഷ്യ ക്ഷണിച്ചപ്പോഴാണ് ഇന്ത്യയെ ഒഴിവാക്കിയിരിക്കുന്നതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. 

ഓഗസ്റ്റ് 11ന് ഖത്തറിലാണ് ഈ യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. സമാന ചര്‍ച്ചകള്‍ മാര്‍ച്ച് 18നും ഏപ്രില്‍ 30നും നടന്നിരുന്നു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനായി റഷ്യ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അഫ്ഗാനിലെ സാഹചര്യങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുമായും ഇന്ത്യയുമായും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് കഴിഞ്ഞ മാസം താഷ്‌കന്റില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും റഷ്യയുടെ ചര്‍ച്ചകളിലേക്ക് ക്ഷണമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
 

Latest News