തിരുവനന്തപുരം- സംസ്ഥാന സർക്കാർ പുറത്തിറക്കിയ ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച നിബന്ധനകൾ മാറ്റില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സഭയിൽ മന്ത്രി പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ തിരുത്തില്ലെന്നും പ്രായോഗികമായ നിർദേശങ്ങൾ മാത്രമാണ് ഉത്തരവിലുള്ളതെന്നും വീണ ജോർജ് ആവർത്തിച്ചു.
ആൾക്കാർ ധാരാളമെത്തുന്ന കടകൾ, ബാങ്കുകൾ, സ്വകാര്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്‌സിൻ എടുത്തവരോ അല്ലെങ്കിൽ 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണമെന്നും അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരായിരിക്കണമെന്നാണ് പുതിയ നിബന്ധന.