ഒളിംപിക്‌സില്‍ കളിച്ച ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ അയല്‍ക്കാരുടെ ജാതി അധിക്ഷേപം

ഹരിദ്വാര്‍- ടോക്കിയോ ഒളിംപ്ക്‌സില്‍ മിന്നും പ്രകടനത്തിലൂടെ സെമി ഫൈനല്‍ വരെ എത്തി പുതിയ ചരിത്രം രചിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രശംസയില്‍ മുക്കുന്ന തിരക്കിലായിരുന്നു കായിപ്രേമികള്‍. സെമിയില്‍ കഴിഞ്ഞ ദിവസം അര്‍ജന്റീനയോട് തോറ്റെങ്കിലും വെങ്കല മെഡല്‍ പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്. നാളെ ബ്രിട്ടനെതിരെയാണ് രാജ്യം കാത്തിരിക്കുന്ന ആ മത്സരം. ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ രാജ്യാന്തര തലത്തില്‍ എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൊയ്ത ഈ ടീമിലെ താരങ്ങള്‍ മിക്കവരും ദളിത് സമുദായക്കാരായതാണ് ഇപ്പോള്‍ ചിലരുടെ പ്രശ്‌നം. ടോക്കിയോയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ദേശീയ വനിതാ ഹോക്കി താരം വന്ദന കടാരിയയുടെ കുടുംബത്തിനെ ഇത്തരം ഹീനമായ നീക്കം ഹരിദ്വാറില്‍ കഴിഞ്ഞദിവസം ഉണ്ടായി. 

സെമി പ്രവേശനം രാജ്യത്തെ കായിക പ്രേമികളും മാധ്യമങ്ങളും വലിയ ആഘോഷമാക്കിയപ്പോള്‍ വന്ദനയുടെ നാട്ടുകാര്‍ ഇന്ത്യന്‍ ടീമിന്റെ സെമി തോല്‍വിയാണ് ആഘോഷമാക്കിയത്. ഹരിദ്വാറിലെ റോശ്‌നാബാദ് ഗ്രാമത്തിലെ വന്ദനയുടെ വീടു വളഞ്ഞ് അവരുടെ കുടുംബത്തിനു നേരെ ഹീനമായ ജാതി അധിക്ഷേപം ഇക്കൂട്ടര്‍ നടത്തി. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയുമാണ് വന്ദനയുടെ വീടിനു മുന്നില്‍ ഇവര്‍ പരാജയം ആഘോഷിച്ചത്. ഈ ആഘോഷത്തിന് ഒരേ ഒരു കാരണമെയുള്ളൂ. ഇന്ത്യന്‍ ടീമില്‍ ദളിതരായ കളിക്കാര്‍ അല്‍പ്പം കൂടിപ്പോയി. ഉയര്‍ന്ന ജാതിക്കാരയ ചിലര്‍ വന്ദനയുടെ വീട്ടുകാര്‍ക്കു നേരെ ചൊരിഞ്ഞ അധിക്ഷേപമാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. 

സെമയില്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ വീടിനു പുറത്ത് പടക്കം പൊട്ടുകയും വലിയ ബഹളവും കേട്ടാണ് പുറത്തെത്തിയതെന്ന് വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറയുന്നു. ഉയര്‍ന്ന ജാതിക്കാരായ അറിയാവുന്ന രണ്ടു പേര്‍ വീടിനു പുറത്തു ഡാന്‍സ് ചെയ്യുന്നതാണ് കണ്ടത്. പിന്നീട് അവര്‍ ഇന്ത്യന്‍ ടീമിലെ ദളിതര്‍ക്കെതിരെ ജാതി പറഞ്ഞ് അധിക്ഷേപം ചൊരിയുകയായിരുന്നുവെന്ന് ശങ്കര്‍ പരാതിപ്പെട്ടു. ബഹളം കേട്ട് വന്ദയുടെ വീട്ടുകാര്‍ പുറത്തു വന്നപ്പോഴാണ് അവരെ അധിക്ഷേപിച്ചത്. ദളിത് താരങ്ങള്‍ കുറെ പേര്‍ ഉണ്ടായതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്നും ഹോക്കിയില്‍ മാത്രമല്ല, എല്ലാ കളികളില്‍ നിന്നും ദളിതരെ മാറ്റിനിര്‍ത്തണമെന്നും ഇവര്‍ വിളിച്ചു പറഞ്ഞു. ഇവര്‍ അവരുടെ വസ്ത്രമുരിഞ്ഞാണ് പരിഹാസ ഡാന്‍സ് കളിച്ചതെന്നും വന്ദനയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Latest News