പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക പദവി ഒഴിഞ്ഞു; ഇനി മിഷന്‍ 2024?

ചണ്ഡീഗഢ്- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന പദവിയില്‍ നിന്ന് രാജിവച്ചതായി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ അറിയിച്ചു. അടുത്ത പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് പങ്കുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുരംഗത്തെ സജീവ ഇടപെടലുകൡ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും അടുത്ത നീക്കം എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രശാന്ത മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നു. 

കഴിഞ്ഞ തവണ പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്മാറുന്നത് അമരീന്ദര്‍ സിങിന് നിരാശയുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസിനുള്ളിലെ പോരില്‍ നവജോത് സിങ് സിദ്ദുവുമായുള്ള പോര് ശമിച്ചെങ്കിലും ഏതു നിമിഷവും അത് പൊളിയാവുന്ന സാഹചര്യമാണുള്ളത്. ഈ പോരിന് പരിഹാരം കാണുന്നതിലും പ്രശാന്തിന് പങ്കുണ്ടായിരുന്നു. മാര്‍ച്ചിലാണ് പ്രശാന്തിനെ അമീരന്ദര്‍ സിങ് പ്രിന്‍സിപ്പല്‍ അഡൈ്വസറായി നിയമിച്ചത്. എന്നാല്‍ ഈ പദവിയില്‍ പ്രശാന്ത് ശരിക്കും ഏറ്റെടുത്തിരുന്നില്ല എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. 

ഒരു ഇടവേള എടുത്ത് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ പിന്മാറുന്നത് 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്നും സൂചനകളുണ്ട്. ഏറ്റവുമൊടുവില്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപ്പറ്റിച്ച് തൃണമൂലിനെ വലിയ വിജയത്തിലെത്താന്‍ സഹായിച്ചതോടെ ദല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണിലുണ്ണിയായി പ്രശാന്ത് മാറിയിട്ടുണ്ട്. എന്‍സിപി നേതാവ് ശരത് പവാറുമായി രണ്ടിലേറെ തവണ കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കഴിഞ്ഞ മാസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ദല്‍ഹി സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രശാന്ത് കിഷോറിനെ ഇവിടെ വച്ച് കണ്ടിരുന്നു.
 

Latest News