Sorry, you need to enable JavaScript to visit this website.

ബിരിയാണിയില്‍ കുപ്പിച്ചില്ല്, പത്തനംതിട്ടയില്‍  ഹോട്ടലുടമയ്ക്ക് 10,000 രൂപ പിഴ

പത്തനംതിട്ട- ഹോട്ടലിലിരുന്ന് ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് വായില്‍ തുളച്ചു കയറി ഉപഭോക്താവിന് മുറിവേറ്റ സംഭവത്തില്‍ ഹോട്ടലുടമ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. തിരുവല്ലയിലെ ഹോട്ടല്‍ എലൈറ്റ് കോണ്ടിനെന്റലിന് എതിരെ കോന്നി വകയാര്‍ കുളത്തുങ്കല്‍ വീട്ടില്‍ ഷൈലേഷ് ഉമ്മന്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ശിക്ഷാ നടപടി. 2017 ല്‍ ഷൈലേഷ് ഉമ്മന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍ ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്. 10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവ് ഉള്‍പ്പടെ ഹോട്ടല്‍ എലൈറ്റ് കോണ്ടിനെന്റലിന്റെ ഉടമ ഉപഭോക്താവിന് നല്‍കണമെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. 2017 ല്‍ തിരുവല്ല എലൈറ്റ് കോണ്‍റ്റിനെന്റല്‍ ഹോട്ടലില്‍ ഷൈലേഷ് ഉമ്മന്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ കയറുകയും ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഷൈലേഷ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുപ്പിച്ചില്ല് ബിരിയാണിയില്‍ നിന്ന് വായില്‍ തുളഞ്ഞു കയറി മുറിവേറ്റു. തുടര്‍ന്ന് ഷൈലേഷിന് ആശുപത്രിയില്‍ പോയി ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യം ഉണ്ടായി.ഇതിനിടയില്‍ സംഭവം ഷൈലേഷ് ഹോട്ടലുടമയെ അറിയിച്ചപ്പോള്‍ പരിഹസിക്കുന്ന നിലപാടാണ് ഉടമ സ്വീകരിച്ചതെന്നും ഇതൊക്കെ ഹോട്ടലില്‍ സര്‍വ സാധാരണമാണെന്ന ധിക്കാരപരമായ രീതിയിലാണ് പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരായ ഇരുകൂട്ടരുടെയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമ്മിഷന്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും പരാതിക്കാരന് ഹോട്ടലുടമ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.


 

Latest News